കോഴിക്കോട്: കൊറോണ ഭയമകറ്റാൻ ജനങ്ങൾക്കൊപ്പം കേരള പൊലീസും. ജില്ലയിൽ കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾ സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ എത്തിച്ചുകൊടുക്കും. ഇതിനായി ഓരോ സ്റ്റേഷൻ പരിധിയിലും ജനമൈത്രി പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ ക്ഷേമം അന്വേഷിക്കുന്നതിനൊപ്പം കുടുംബത്തിലെ മറ്റംഗങ്ങളുടെ ആരോഗ്യസ്ഥിതിയും യാത്രാ വിവരങ്ങളും രേഖപ്പെടുത്തും. ഇത്തരത്തിൽ ശേഖരിച്ച വിവരങ്ങൾ കമ്മീഷണർ ഓഫീസിൽ പ്രവർത്തിക്കുന്ന കൊറോണ സെല്ലിന് കൈമാറും. നിരീക്ഷണത്തിലുള്ളവരെ കൂടാതെ സമീപത്തെ വീടുകളിലും പൊലീസ് ബോധവത്കരണം നടത്തുന്നുണ്ട്. ഇതിനായി രണ്ട് സ്ഥിരം ജനമൈത്രി പൊലീസുകാരുൾപ്പെടെ അഞ്ച് പൊലീസുകാരാണ് രംഗത്തുള്ളത്. സംസ്ഥാനത്ത് ജനമൈത്രി ബീറ്റ് ഓഫീസർമാരായി സേവനം ചെയ്യുന്നത് 766 പേരാണ്. പട്ടിക വർഗ മേഖലകളിൽ 70 പൊലീസുകാരെയും അധികമായി നിയോഗിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജിന്റെ നേതൃത്വത്തിലാണ് ജില്ലയിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. കൊറോണ ബോധവത്കരണ സന്ദേശ മടങ്ങിയ ഓഡിയോ വീഡിയോകളും പൊലീസ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുറത്തിറക്കുന്നുണ്ട്.
ആരോഗ്യവകുപ്പിനും കൈത്താങ്ങ്
ജനമൈത്രി പൊലീസ് നൽകുന്ന വിവരങ്ങളോടൊപ്പം ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങളും കൊറോണ സെല്ലിൽ രേഖപ്പെടുത്തും. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൊറോണ സെല്ലിൽ ഏഴ് ഉദ്യോഗസ്ഥരാണ് പ്രവർത്തിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് രോഗബാധ സ്ഥിരീകരിക്കുകയാണെങ്കിൽ പൊലീസ് ശേഖരിക്കുന്ന വിവരങ്ങൾ ആരോഗ്യ വകുപ്പിന് സഹായകമാകും.