corona-virus-

കോഴിക്കോട്: കൊറോണയെ പ്രതിരോധിക്കുന്നതിന് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും വാർഡ്തല ദ്രുതകർമ്മസേനകൾക്കുമുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ് കളക്ടർ സാംബശിവ റാവു പുറത്തിറക്കി.

നിരീക്ഷണത്തിലുള്ളവർ വീടുകളിൽ പ്രത്യേകം മുറികളിലാണ് കഴിയുന്നതെന്ന് വാർഡ്‌തല ദ്രുതകർമസേനകൾ ഉറപ്പാക്കണം. ഇവർക്ക് പ്രത്യേക ശൗചാലയം ഉണ്ടായിരിക്കണം.
നിരീക്ഷണത്തിലുള്ള വ്യക്തി മാസ്‌കുകളും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇവർക്ക് ഭക്ഷണം നൽകുന്നത് ഒരേ ആൾ തന്നെ ആയിരിക്കണം. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ ആവശ്യമുള്ള പക്ഷം പൊതുവിതരണ സംവിധാനം വഴി വാർഡുതല ദ്രുതകർമ്മ സേന ഭക്ഷണം ഉറപ്പാക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സാധനം എത്തിക്കണം. കിടപ്പു രോഗികൾക്കും ആരും സഹായിക്കാനില്ലാത്ത വൃദ്ധർക്കും ഭക്ഷണം എത്തിക്കണം. അനാഥരായവരെയും തെരുവിൽ കഴിയുന്നവരെയും കണ്ടെത്തി ഭക്ഷണവും സംരക്ഷണവും എത്തിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപന ദ്രുതകർമ്മ സേനയുടെ ഉത്തരവാദിത്തമാണ്.

സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് ഭക്ഷ്യവസ്‌തുക്കൾ ശേഖരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ പാചകം ചെയ്‌ത് ഭക്ഷണപ്പൊതികളെത്തിക്കണം. എല്ലാ വിഭാഗങ്ങൾക്കും ഭക്ഷണം കിട്ടുന്നുണ്ടെന്ന് ദ്രുതകർമ്മസേന ഉറപ്പാക്കണം.

 തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയ്‌ക്ക്

ഏതെങ്കിലും സംഘടനയുടെയോ സ്ഥാപനത്തിന്റെയോ പ്രചാരണത്തിനായി ഈ അവസരം ഉപയോഗിക്കുന്നില്ലെന്ന് തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ ഉറപ്പാക്കണം. ഭക്ഷണ വിതരണം കാര്യക്ഷമമായി നടത്താൻ വോളണ്ടിയർമാരുടെ ചെറിയ ഗ്രൂപ്പുണ്ടാക്കി ആവശ്യമായ തിരിച്ചറിയൽ കാർഡ് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി നൽകണം.

 നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം

പ്രാഥമിക സമ്പർക്കമുള്ളവരെ നിരീക്ഷിക്കുന്ന ദ്രുതകർമ്മസേനകളിൽ പൊലീസിനെയും ഉൾപ്പെടുത്തി. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പൊലീസിൽ അറിയിച്ച് കർശന നിയമ നടപടി സ്വീകരിക്കണം. നിരീക്ഷണത്തിലുള്ള വ്യക്തികൾക്ക് എന്തെങ്കിലും രോഗലക്ഷണമുണ്ടായാൽ ഉടൻ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റണം.

 അതിഥികളെ സംരക്ഷിക്കണം

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം കരാറുകാരുടെ ഉത്തരവാദിത്വത്തിൽ ഉറപ്പാക്കണം. ഇവർക്ക് ഭക്ഷണം ഉറപ്പാക്കേണ്ടത് ദ്രുതകർമ്മ സേനയുടെ ഉത്തരവാദിത്തമാണ്. പൊലീസ് സഹായത്തോടെ ദ്രുതകർമ്മസേനകൾ ഇവരുടെ ക്യാമ്പുകൾ പരിശോധിച്ച് ഇക്കാര്യം ഉറപ്പാക്കണം.

 കുടുംബശ്രീയ്‌ക്കും നിർദ്ദേശം

നിരീക്ഷണത്തിലുള്ളവർക്ക് കുടുംബശ്രീ കൗൺസിലർമാർ ആവശ്യമായ മാനസിക പിന്തുണ നൽകണം. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, ഹെൽത്ത് ഓഫീസർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, ആശാവർക്കർമാർ എന്നിവർ കൊറോണ ജാഗ്രത ആപ്പ് നിർബന്ധമായും ഉപയോഗിക്കണം.

 കോ ഓർഡിനേഷൻ ടീം

ജില്ലയിലെ മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് സപ്ലൈസ്, ഗതാഗത നിയന്ത്രണം, ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം, കോ ഓർഡിനേഷൻ ആൻഡ് മൊബിലൈസേഷൻ, ലോ ആൻഡ് ഓർഡർ തുടങ്ങിയ ടീമുകൾ ജില്ലാ തലത്തിൽ രൂപീകരിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നോഡൽ ഓഫീസർമാരുണ്ടാവും.

'പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാതലത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട്, ജില്ലാ പ്ലാനിംഗ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ടീം രൂപീകരിച്ചിട്ടുണ്ട്. ഒരു സന്നദ്ധ സംഘടനയും സ്വന്തം നിലയിൽ ഈ പ്രവർത്തനത്തിൽ ഏർപ്പെടാൻ പാടില്ല. താത്പര്യമുള്ള സന്നദ്ധസംഘടനകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖാന്തരം മാത്രമേ പ്രവർത്തിക്കാവൂ".

- എസ്.സാംബശിവ റാവു, ജില്ലാ കളക്ടർ