corona

കോഴിക്കോട്: അവശ്യവസ്‌തുക്കൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും പോകുന്ന വാഹനങ്ങൾക്ക് ഗതാഗത ഏകോപന ടീം മുഖേന പാസുകൾ നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇൻസിഡന്റ് കമാൻഡർമാർ പരിശോധന ഉറപ്പാക്കും. അവശ്യവസ്തുക്കളുടെ ലഭ്യത സപ്ലൈസ് കോ-ഓർഡിനേഷൻ ടീം വിലയിരുത്തും. അവശ്യവസ്തുക്കളുടെ ലഭ്യത നിർണയിച്ച് ഇവ ഉപഭോക്താക്കൾക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. പൊതുവിതരണ ഡീലർമാർക്കും ജീവനക്കാർക്കും തിരിച്ചറിയൽ കാർഡുകൾ നൽകും.

അവശ്യവസ്‌തുക്കളുടെ വ്യാപാരം നടക്കുന്നുണ്ടെന്നും വിപണിയിൽ ദൗർലഭ്യം ഇല്ലെന്നും ടീം ഉറപ്പാക്കണം. എല്ലാ കടകളും അവശ്യവസ്‌തുക്കളുടെ വിലവിവര പട്ടിക പരസ്യമായി പ്രദർശിപ്പിക്കണം. കോ-ഓർഡിനേഷൻ ടീം അവശ്യവസ്‌തുക്കളുടെ ശരാശരി വില ദിവസവും പ്രസിദ്ധീകരിക്കും. ഉയർന്ന വിലയ്‌ക്ക് സാധനങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.

നെൽവയലുകളിൽ കൊയ്‌ത്തിന് തടസമില്ല. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് വിളവെടുപ്പ് നടത്തുന്നതെന്ന് അഗ്രികൾച്ചറൽ ഓഫീസർമാർ ഉറപ്പാണം. ജില്ലയിൽ ലഭ്യമായ അവശ്യവസ്തുക്കളുടെ സ്റ്റോക്കിന്റെ ഡാറ്റാബേസ് (ധാന്യങ്ങൾ, പഴം, പച്ചക്കറി, പാൽ, മത്സ്യ-മാംസ വിഭവങ്ങൾ തുടങ്ങിയവയുടെ) കൃഷി, ക്ഷീരവികസന വകുപ്പ് തയ്യാറാക്കി സൂക്ഷിക്കണം. ഒപ്പം സമയാസമയം ഇവ പുതുക്കണം.

സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കാനും അവരെ തദ്ദേശസ്വയംഭരണ വകുപ്പുകളുമായി ബന്ധിപ്പിക്കാനും അഡീഷണൽ ഡിസ്റ്റിക് മജിസ്‌ട്രേറ്റ്, ജില്ലാപ്ലാനിംഗ് ഓഫീസർ, കോഴിക്കോട് ഇ.എം.സി ഡിസ്ട്രിക് കോ-ഓർഡിനേറ്റർ, ഡോ. സരേഷ്, പാലിയേറ്റീവ് സൊസൈറ്റി എന്നിവരുൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. ഇവർ അത്യാവശ്യ മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും സമാഹരിച്ച് മെറ്റീരിയൽ കളക്ഷൻ സെന്ററിന്റെ ചുമതല വഹിക്കണം.

കളക്ടറുടെ മറ്റു നിർദ്ദേശങ്ങൾ

 ജില്ലയിലെ റസ്റ്റോറന്റുകളും ഹോട്ടലുകളും പാർസൽ സർവീസിനും ഹോം ഡെലിവറിയ്‌ക്കുമായി പ്രവർത്തിക്കണം.

 പാഴ്സൽ സേവനങ്ങൾക്കായി ഡി.ടി.പി.സി സെക്രട്ടറി റസ്റ്റോറന്റ് ഹോട്ടലുകൾ ഉടമകളുമായി ചർച്ച നടത്തി നടപടിയെടുക്കണം.

 ഓൺലൈൻ ആപ്ലിക്കേഷനുകളും വാട്‌സ്ആപ്പ് അടിസ്ഥാനമാക്കിയുള്ള സേവനവും ഉടമകൾ ഉറപ്പാക്കണം. ഇ.എം.സി ജില്ലാ കോ-ഓർഡിനേറ്റർ ആവശ്യമായ പിന്തുണ നൽകണം.

 രോഗികൾക്ക് മികച്ച പരിചരണം നൽകുന്നതിന് എല്ലാ ആശുപത്രികളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡി.എം.ഒ ഉറപ്പാക്കണം.

 ആശുപത്രികളിലെ കാന്റീനുകൾ നിർബന്ധമായും പ്രവർത്തിപ്പിക്കണം. ബന്ധപ്പെട്ട വകുപ്പിലെ ജില്ലാ അധികാരികൾ പാസുകൾ നൽകും.

 മെഡിക്കൽ, ഹെൽത്ത് സ്റ്റാഫ് ശ്രദ്ധ പുലർത്തുന്നുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഡി.എം.ഒ ഉറപ്പാക്കണം.