
കുറ്റ്യാടി: ഏകാന്ത വാസമാണെങ്കിലും നിരീക്ഷണത്തിലും കർമ്മനിരതനാണ് കൊണ്ടോട്ടി ഗവ: കോളേജ് യൂണിയൻ ചെയർമാൻ അക്ഷയ് പുഷ്പൻ. 'ഹോം ക്വാറന്റൈൻ' നൽകുന്ന ഒറ്റപ്പെടലുകൾക്കു മുന്നിൽ തോൽക്കില്ലെന്ന നിശ്ചയദാർഢ്യമാണ് ഈ വിദ്യാർത്ഥി നേതാവിനെ വ്യത്യസ്തനാക്കുന്നതും. കോളേജ് യൂണിയൻ ചെയർമാൻമാർക്ക് വിദഗ്ധ പരിശീലനം നൽകുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് യു.കെ യിലെ കാർഡിഫ് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച ആദ്യ ബാച്ചിലെ 27 പേരിൽ ഒരാളാണ് അക്ഷയ് . മാർച്ച് പത്തിന് പരിശീലനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് കൊറോണ രോഗ വ്യാപനം അറിയുന്നത്. വിമാനത്താവളത്തിലെ പരിശോധനയ്ക്കു ശേഷം പതിനാല് ദിവസത്തെ ഏകാന്തവാസത്തിന് നിർദ്ദേശം. എന്നാൽ നിരീക്ഷണത്തിലും സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ- തൊഴിൽ സംബന്ധമായ നിർദ്ദേശങ്ങൾ നൽകുകയാണ് ഇയാൾ. ഇതിനായി അക്ഷയ് പേജുകളും ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി നടത്തിയ വിവിധ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ പി.എസ്.എസ് പരീക്ഷയുടെ കഴിഞ്ഞകാല ചോദ്യപേപ്പറുകൾ എന്നിവയും പേജുകളിലൂടെ പങ്കുവയ്ക്കുന്നു. വിവരശേഖരണത്തിനായി കോളേജ് പ്രൊഫസർമാരുടെ ഉപദേശവും തേടുന്നു. നാദാപുരം ഗവ: കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ കെ.എസ്.യു ചെയർമാനായും ഗാന്ധി ദർശൻ യുവജന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിക്കുന്ന കാലത്ത് നേടിയെടുത്ത അനുഭവങ്ങളാണ് തനിക്ക് മുതൽകൂട്ടായതെന്ന് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അക്ഷയ് പറയുന്നു. പേരാമ്പ്ര പാലേരി മണ്ണിൽ കോവുമ്മൽ പുഷ്പാംഗദന്റെയും ഉഷയുടെയും മകനാണ് . സഹോദരി അക്ഷിത പുഷ്പൻ മൊകേരി ഗവ: കോളേജ് ഡിഗ്രി വിദ്യാർത്ഥിനിയാണ്.