കൽപ്പറ്റ: വ്യാഴാഴ്ച്ച 990 പേർ കൂടി നിരീക്ഷണത്തിലായതോടെ ജില്ലയിൽ ആകെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2926 ആയി. നാല് പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയിൽ നിന്ന് പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ എണ്ണം 57 ആണ്. ഇതിൽ 43 ഫലങ്ങൾ നെഗറ്റീവ് ആണ്. ഇന്നലെ (വ്യാഴം) 12 സാമ്പിളുകൾ കൂടി പരിശോധനയ്ക്കയച്ചു. ഇതടക്കം 14 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

ഉത്തരവ് ലംഘിച്ച ആൾ റിമാൻഡിൽ
കൽപ്പറ്റ: കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാർ ഉത്തരവ് ലംഘിച്ച് കൂട്ടം കൂടി നിന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പിരിഞ്ഞു പോവാനുളള പൊലീസ് നിർദ്ദേശം ചോദ്യം ചെയ്ത മുട്ടിൽ പിലാക്കൽ ഷിഹാബുദ്ദീൻ (30) ആണ് അറസ്റ്റിലായത്. മറ്റുളളവർ ഓടി രക്ഷപ്പെട്ടു.

അറസ്റ്റിലായ പ്രതി വിദേശത്ത് നിന്നെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് സമ്പർക്ക വിലക്ക് നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചാണ് ഇയാൾ പുറത്തിറങ്ങിയത്. ഐ.പി.സി 341 ,323, 324 ,332 , 269 എന്നീ വകുപ്പുകളാണ് പൊലീസ് ഇയാൾക്കെതിരെ ചുമത്തിയത്.

കൽപ്പറ്റ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. സമ്പർക്ക വിലക്കുളളതിനാൽ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

അമിത വില
ജില്ലാതല സമിതി പരിശോധന നടത്തി
കൽപ്പറ്റ: പൊതുവിതരണ വകുപ്പ്, റവന്യൂ, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളടങ്ങിയ ജില്ലാതല സമിതി അളവ് തൂക്ക തട്ടിപ്പ്, അമിത വില, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനായി മീനങ്ങാടി, കാക്കവയൽ, മാനന്തവാടി എന്നിവിടങ്ങളിൽ പരിശോധന നടത്തി. അമിതവില ഈടാക്കുകയോ, ഭക്ഷ്യ സാധനങ്ങൾ പൂഴ്ത്തി വെക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി വ്യാപാരികൾക്ക് നോട്ടീസ് നൽകി. പച്ചക്കറി വിലകൂട്ടി വിറ്റതിനെതിരെ രണ്ട് കേസ് രജിസ്റ്റർ ചെയ്തു.

അവശ്യസാധനങ്ങളുടെ പരിധിയിൽപ്പെട്ട സാനിറ്ററൈസ് 200 മില്ലിക്ക് 100 രൂപയും മാസ്‌കിന് 8 മുതൽ 10 രൂപ വരെയും കുപ്പി വെളളത്തിന് 13 രൂപയുമാണ് ഈടാക്കേണ്ടത്. സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലുളള പരിശോധനകൾ നടത്തുമെന്നും അമിത വില ഈടാക്കൽ, പൂഴ്ത്തിവെയ്പ് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കടയടപ്പിക്കുന്നതടക്കമുളള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

സാനിറ്റൈസർ കൈമാറി
കൽപ്പറ്റ: എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച നൂറോളം ലിറ്റർ സാനിറ്റൈസർ ജില്ലാ ഭരണകൂടത്തിന് കൈമാറി. പുത്തൂർവയൽ എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ, കൽപ്പറ്റ മിൽമ ഡയറി, സെന്റ് ജോസഫ് ഹോസ്പിറ്റൽ മാനന്തവാടി, കൽപ്പറ്റ ഹൈടെക്ക് സോയിൽ അനലിറ്റിക്കൽ ലാബ് എന്നിവരുമായി സഹകരിച്ചാണ് സാനിറ്റെസർ തയ്യാറാക്കിയത്.