കൽപ്പറ്റ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വയനാട് ജില്ലയ്ക്ക് രാഹുൽഗാന്ധി എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു. വയനാട് പാർലമെന്റ് മണ്ഡലത്തിലാകെ 270.60 ലക്ഷം രൂപയാണ് അനുവദിച്ചത്.
ജില്ലാ ആശുപത്രിയിൽ ഐ.സി.യു ക്രമീകരണത്തിനും അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനുമായാണ് ഒരു കോടി രൂപ അനുവദിച്ചത്. രാഹുൽഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ മെമ്പർ ഡോ.അമീയാജ്നിക്ക് തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്ററും, അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് 1,70,60,000 രൂപയും അനുവദിച്ചിട്ടുണ്ട്.
50 തെർമൽ സ്‌കാനർ, ഇരുപതിനായിരം മാസ്‌ക്, ആയിരം ലിറ്റർ സാനിറ്റൈസർ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ഭരണ കൂടങ്ങൾക്ക് കൈമാറിയിരുന്നു.