കൽപ്പറ്റ: കൊറോണ വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ വിവിധ സ്‌റ്റേഷനുകളിലായി ഇന്നലെ 40 കേസുകൾ രജിസ്റ്റർ ചെയ്തു.
വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 52 പേരെ പ്രതിചേർത്ത് 40 കേസുകൾ രജിസ്റ്റർ ചെയ്യുകയും 31 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും 12 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
വെള്ളമുണ്ട സ്‌റ്റേഷനിൽ 10 കേസുകളും, പടിഞ്ഞാറത്തറ സ്‌റ്റേഷനിൽ 9 കേസുകളും, മീനങ്ങാടി സ്‌റ്റേഷനിൽ 4 കേസുകളും, തിരുനെല്ലി, കമ്പളക്കാട്, പുൽപ്പള്ളി എന്നീ സ്‌റ്റേഷനുകളിൽ 3 കേസുകളും വീതവും മേപ്പാടി, വൈത്തിരി, ബത്തേരി, തൊണ്ടർനാട് സ്‌റ്റേഷനുകളിൽ 2 കേസുകൾ വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതോടെ ലോക്ഡൗൺ/ നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജില്ലയിൽ ആകെ 288 പേരെ പ്രതിചേർത്ത് 237 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 182 പേരെ അറസ്റ്റ് ചെയ്യുകയും 88 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരുംദിവസങ്ങളിലും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഒരു കാരണവശലും നിയമലംഘനം അനുവദിക്കുകയില്ലെന്നും നിർദ്ദേശങ്ങൾ വകവയ്ക്കാതെ നിരത്തിലിറക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സമൂഹ്യമായ ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന നിർദേശം ജനങ്ങൾ പാലിക്കണമെന്നും നിരോധനാജ്ഞയോ/ ലോക്ഡൗൺ നിർദ്ദേശങ്ങളോ ലംഘിക്കുവാൻ ശ്രമിക്കരുതെന്നും പൊലീസ് മേധാവി നിർദ്ദേശിച്ചു.