കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ 350 പേർ കൂടി നിരീക്ഷണത്തിലായി. ഇതോടെ ആകെ 10,324 പേർ നിരീക്ഷണത്തിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 19 പേരും ബീച്ച് ആശുപത്രിയിൽ 27 പേരും ഐസൊലേഷൻ വാർഡിലുണ്ട്.
ഇന്നലെ ആറ് സ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ആകെ 225 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 190 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. 182 എണ്ണം നെഗറ്റീവാണ്. പോസിറ്റീവ് കേസുകളിൽ 5 പേർ കോഴിക്കോട് സ്വദേശികളും 2 പേർ കാസർകോട് സ്വദേശികളും ഒരാൾ കണ്ണൂർ സ്വദേശിയുമാണ്. ഇനി 35 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെല്പ് ലൈനിലൂടെ 24 പേർക്ക് കൗൺസലിംഗ് നൽകി.

പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വാർഡ്തല ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി. ജില്ലാ കളക്ടർ സാംബശിവറാവു വീഡിയോ കോൺഫറൻസിലൂടെ പഞ്ചായത്ത്തല പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

നിരീക്ഷണത്തിലുള്ളവർ വീടുകളിൽ തന്നെ കഴിയുന്നുണ്ടെന്ന് ജാഗ്രത സമിതികൾ ഉറപ്പുവരുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ നിർദ്ദേശിച്ചു.