പേരാമ്പ്ര: കൊറോണ പ്രതിരോധനത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ സുരക്ഷ ശക്തമാക്കി. ഗ്രാമങ്ങളിലുൾപ്പെടെ അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പൊലീസ് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. മണ്ഡലത്തിൽ നിരവധി പേരാണ് നിരീക്ഷണത്തിലുള്ളത്. ടൗണിൽ കടവരാന്തകളിലും ബസ് സ്റ്റാൻഡിലും അന്തിയുറങ്ങുന്ന ആറു പേരെ പേരാമ്പ്ര ഗവ. യു.പി സ്‌കൂളിലേക്ക് മാറ്റി.
തമിഴ്‌നാട് സ്വദേശികളായ മൂന്ന് സ്ത്രീകളെയും തെരുവത്ത് കടവ്, പൈതോത്ത്, മുതുകാട് സ്വദേശികളായ മൂന്നു പേരെയും ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തിയ ഒരാളെയുമാണ് മാറ്റിത്താമസിപ്പിച്ചത്. പയ്യോളി പേരാമ്പ്ര പേരാമ്പ്ര ഉള്ള്യേരി റോഡ് ഭാഗികമായി അടച്ചു. പേരാമ്പ്ര മാർക്കറ്റ് പരിസരം, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. ഇത് കാരണം ഇന്ന് വിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.
നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ടൗണിന് പുറമെ ഗ്രാമപ്രദേശങ്ങളിലും പരിശോധന കൾശനമാക്കും. നഗരത്തിൽ വിവിധ ഇടങ്ങളിലായി പരിശോധന തുടരുകയാണ്. വടകര നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അശ്വകുമാർ, പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ കെ. സുമിത് കുമാർ, എസ്.ഐ പി.കെ. റഊഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.