കോഴിക്കോട്: എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തിൽ കമ്മ്യൂണിറ്റി കിച്ചൺ സജീവമായി. ഇന്നലെ നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും ആര്യഭവൻ ഹോട്ടലിലുമാണ് സമൂഹ അടുക്കള തുറന്നത്. രണ്ടിടത്തു നിന്നുമായി 502 പേർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ഇന്നലെ പണം ഈടാക്കാതെയായിരുന്നു വിതരണം.
ചോറും കറിയും ഉപ്പേരിയുമടങ്ങിയതായിരുന്നു ഉച്ചഭക്ഷണപ്പൊതി. കൗൺസിലർമാർ കണ്ടെത്തിയ ഗുണഭോക്താക്കൾക്ക് വോളണ്ടിയർമാർ ഭക്ഷണം എത്തിക്കുകയായിരുന്നു. രാത്രി ചപ്പാത്തിയും കറിയുമടങ്ങിയ പൊതികൾ എത്തിച്ചു. ഇത് 400 പേർക്ക് നൽകി.
ഭക്ഷണസാധനങ്ങൾ വാങ്ങുന്നതിനും തയ്യാറാക്കുന്നതിനുമുള്ള ചെലവ് സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തുകയാണ്. ഇതിന് സന്നദ്ധ സംഘടനകളുടെയും മറ്റും സഹകരണം തേടുന്നുണ്ട്. ഊണിന് 20 രൂപയും സർവീസ് ചാർജ്ജായി അഞ്ചുരൂപയും വാങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആദ്യദിനത്തിൽ സൗജന്യമാക്കുകയായിരുന്നു.
കോർപ്പറേഷന് കീഴിൽ അരക്കിണർ ഡ്രീംസ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം തുടങ്ങും. ആളുകളുടെ ആവശ്യം വരുന്നതിനനുസരിച്ച് കാരപ്പറമ്പ് ജി.എച്ച്.എസ്.എസിലും കമ്മ്യൂണിറ്റി കിച്ചൺ തുറക്കും.
കുടുംബശ്രീയ്ക്ക് കീഴിൽ തിരുത്തിയാട്, കോട്ടൂളി ഭാഗങ്ങളിൽ ശനിയാഴ്ച മുതൽ ഭക്ഷണമുണ്ടാക്കും. ഇതിന് പണം ഈടാക്കിയേക്കും. പല സന്നദ്ധസംഘടനകളും നിലവിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണവിതരണം കൂടി കോർപ്പറേഷന്റെ കീഴിൽ കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ട്.
ഭക്ഷണം തയ്യാറാക്കാൻ സന്നദ്ധ സംഘടനകൾ നൽകുന്ന സാധനങ്ങൾ ടാഗോർ സെന്റിനറി ഹാളിലാണ് ശേഖരിക്കുന്നത്. ഫോൺ: 8590014934.
നടക്കാവ് സ്‌കൂളിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നുളള ഭക്ഷണവിതരണം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.പ്രദീപ് കുമാർ എം.എൽ.എ, ഡെപ്യൂട്ടി മേയർ മീരാ ദർശക്, സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജ്, കൗൺസിലർമാരായ പി.എം.സുരേഷ് ബാബു, സി.അബ്ദുറഹ്‌മാൻ, നമ്പിടി നാരായണൻ, എൻ.പി.പത്മനാഭൻ, പി.കിഷൻചന്ദ്, കുടുംബശ്രീ പ്രോജക്ട് ഓഫീസർ ടി.കെ.പ്രകാശൻ തുടങ്ങിയവർ സംബന്ധിച്ചു.