ജില്ലയിൽ 1356 പേർ കൂടി നിരീക്ഷണത്തിൽ

കൽപ്പറ്റ: ഇന്നലെ സ്ഥിരീകരിച്ച ഒരു പോസിറ്റീവ് കേസ് ഉൾപ്പെടെ 1356 പേർ കൂടി ജില്ലയിൽ നിരീക്ഷണത്തിൽ. ഇതോടെ നിലവിൽ നിരീക്ഷണത്തിൽ കഴിയുവരുടെ എണ്ണം 4281 ആയി. അഞ്ച് പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. 63 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 43 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 19 ഫലം ലഭിക്കുവാനുണ്ട്.

ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിലുമായി 806 വാഹനങ്ങളിൽ എത്തിയ 1241 പേരെ പരിശോധിച്ചതിൽ ആർക്കും രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

ലോക്ക് ഡൗൺ
കൺചിമ്മാതെ പോലീസിന്റെ ജാഗ്രത

കൽപ്പറ്റ: കൊറോണ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ ആളുകൾ ഇറങ്ങുന്നതിനെതിരെ കർശന നടപടിയുമായി പൊലീസ്. വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥനങ്ങളിൽ നിന്നും ജില്ലയിൽ എത്തിയവരും ക്വാറന്റയിൻ നിർദേശിച്ച വ്യക്തികളും റോഡിലും അങ്ങാടികളിലും ഇറങ്ങുന്നതിനെതിരെ പൊലീസ് ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകരും, പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്ത ടീമാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്‌ക്വാഡുകളായി പരിശോധന നടത്തുന്നത്. വൈറസ് ബാധ സംശയിക്കുന്നവരെ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലാക്കുകയും നിർദേശം ലഘിച്ച് പുറത്തു ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വികരിക്കുകയും ചെയ്യുന്നുണ്ട്.
ജില്ലയുമായി അതിർത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളിൽ 24 മണിക്കൂറും പൊലീസിന്റെ സേവനമുണ്ട്. തമിഴ്നാടിന്റെ അതിർത്തി ചെക്ക് പോസ്റ്റുകളായ ചോലാടി, കോട്ടൂർ, താളൂർ, കക്കണ്ടി, ചീരാൽ ,നൂൽപ്പുഴ എന്നിവിടങ്ങളിലും കർണാടക അതിർത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, തോൽപ്പെട്ടി, ബാവലി എന്നിവിടങ്ങളിലും സേവനം നടത്തുന്നു. കണ്ണൂർ, കോഴിക്കോട് ജില്ലകളുമായി ബന്ധപ്പെടുന്ന ലക്കിടി, പക്രന്തളം, പേര്യ, ബോയ്സ് ടൗൺ, എന്നിവിടങ്ങളിലും 24 മണിക്കൂറും ചെക്കിങ് നടത്തുന്നുണ്ട്.

അതിർത്തികളിൽ നിന്ന് ജില്ലയിലേക്കുള്ള കാട്ടുപാതകൾ ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലാണ്‌.

ജില്ലാ പഞ്ചായത്തിന് 70 കോടിയുടെ ബഡ്ജറ്റ്

കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് 2020-21 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. ഇത്തവണ വിവിധ പദ്ധതികൾക്കായി അധിക തുക വകയിരുത്തിയിട്ടുണ്ട്. 70.78 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ പ്രതീക്ഷിത വരവ്. 69.54 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്.

നെൽകൃഷി പ്രോത്സാഹനത്തിന് മൂന്ന് കോടി രൂപ വകയിരുത്തി. ക്ഷീര കർഷകർക്ക് പാൽ സബ്സിഡിയായി മൂന്ന് കോടി രൂപ വകയിരുത്തി. മത്സ്യ കൃഷി പ്രോത്സാഹനം, വരൾച്ചാ ദുരിതാശ്വാസ വിഹിതം, പട്ടികജാതി വിഭാഗത്തിൽ സമഗ്ര കോളനി വികസനം, പട്ടികവർഗ്ഗ വിഭാഗത്തിൽ മത്സ്യ കൃഷി പ്രോത്സാഹനത്തിനും തുക നീക്കി വെച്ചിട്ടുണ്ട്.
ലൈഫ് ഭവന പദ്ധതിക്കും, സ്‌കൂളുകളുടെ അറ്റകുറ്റ പ്രവർത്തികൾ, കമ്പ്യൂട്ടർ, ഫർണിച്ചർ എന്നിവ നൽകുന്നതിനായും വാർഷിക പദ്ധതിയിൽ തുക അനുവദിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ അലോപ്പതി, ആയുർവ്വേദം, ഹോമിയോ ജില്ലാ ആശുപത്രികളുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും മരുന്നുകൾ ലഭ്യമാക്കുന്നതിനുമായി പുതിയ പദ്ധതികളുണ്ട്. ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടെ ജീവനം പദ്ധതി നടപ്പിലാക്കുവാൻ തുക വകയിരുത്തിയിട്ടുണ്ട്.

ക്യാൻസർ രോഗ ചികിത്സയ്ക്കായി 1.2 കോടി രൂപ ചെലവിൽ പ്രത്യാശ ക്യാൻസർ ചികിത്സാ പദ്ധതി നടപ്പിലാക്കും. ഭിന്നശേഷിക്കാർക്കും, ഓട്ടിസം, അരിവാൾ രോഗം ബാധിച്ചവർക്കും സഹായം നൽകുന്ന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

സ്റ്റേഡിയങ്ങളുടെ നിർമ്മാണം, മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപത്തിന് സൗകര്യമൊരുക്കൽ, ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്ക് തുക അനുവദിച്ചിട്ടുണ്ട്.

വളണ്ടിയർമാരായി ദുരന്ത നിവാരണ സേനാംഗങ്ങൾ

കൽപ്പറ്റ: സർക്കാർ നിർദേശ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വളണ്ടിയർമാരായി പ്രവർത്തിക്കാൻ ജില്ലാ പഞ്ചായത്തിന്റെ ദുരന്ത നിവാരണ സേനാംഗങ്ങളെ ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്തിന്റെ 700 വനിതാ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും, 300 ദുരന്ത നിവാരണ സേനാംഗങ്ങളും ജില്ലയിൽ പ്രവർത്തന സജ്ജരാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇവർക്കാവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. കൊറോണ ജാഗ്രതയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് സേനാംഗങ്ങളുടെ സേവനം ഉറപ്പ് വരുത്തും.

11 കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങി

കൽപ്പറ്റ: കൊറോണയുടെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിച്ചു.

11 കമ്മ്യൂണിറ്റി കിച്ചണുകളാണ് ജില്ലയിൽ പുതുതായി ആരംഭിച്ചത്. ജില്ലയിലെ അഗതികൾക്കും, തെരുവിൽ കഴിയുന്നവർക്കും ഭക്ഷണമെത്തിക്കാൻ പദ്ധതി പ്രകാരം സാധിക്കുന്നുണ്ട്. വൈത്തിരി, മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം ലഭ്യമാക്കുന്നുണ്ട്.

ജില്ലയിലെ പൊലീസ്, ആരോഗ്യ വകുപ്പ് പ്രവർത്തകർക്കും ഭക്ഷണം എത്തിച്ച് നൽകുന്നുണ്ട്. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം നൽകുന്നുണ്ട്.
അതിഥി തൊഴിലാളികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ, മരുന്ന് തുടങ്ങിയവയും പ്രവർത്തകർ എത്തിച്ച് നൽകുന്നുണ്ട്.

തെരുവിൽ കഴിയുന്നവർക്ക് സൗജന്യ ഭക്ഷണമാണ് ഉറപ്പാക്കുന്നത്. മറ്റുള്ളവർക്ക് 20 രൂപയ്ക്കാണ് ഭക്ഷണം നൽകുന്നത്. ഇതിനോടകം മാസ്‌ക്, സാനിറ്റൈസർ എന്നിവ കുടുംബശ്രീ യൂണിറ്റുകൾ മുഖേന നിർമ്മിച്ച് നൽകിയിട്ടുണ്ട്.

കോളനികളിൽ ട്രൈബൽ ഡിപ്പാർട്ടമെന്റുമായി സഹകരിച്ച് അന്യ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെ കോളനികളിലേക്ക് എത്തുന്നവരുടെ കണക്ക് ശേഖരിക്കുകയും ബോധവത്കരണവും നൽകുന്നുണ്ട്.

മുഴുവൻ പദ്ധതികൾക്കും
അംഗീകാരം നൽകി വയനാട് ഒന്നാമത്

കൽപ്പറ്റ: സംസ്ഥാനത്ത് ആദ്യമായി ജില്ലയിലെ എല്ലാ പദ്ധതികൾക്കും അംഗീകാരം നൽകി ജില്ലാ ആസൂത്രണ സമിതി. കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശിച്ച മാനദണ്ഡ പ്രകാരമാണ് ജില്ലാ ആസൂത്രണ സമിതിയിൽ പദ്ധതികൾക്ക് അംഗീകാരം നൽകിയതെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻച്ചാർജ് സുഭദ്രാ നായർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 22 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികളാണ് അംഗീകരിച്ചത്.

ശേഷിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾക്ക് നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇതോടെ ജില്ലയിലെ 31 തദ്ദേശ സ്ഥാപനങ്ങളുടേയും പദ്ധതി അംഗീകാരം പൂർത്തിയായി.

തദ്ദേശ സ്വയം ഭരണ സ്ഥാപനം, പദ്ധതികളുടെ എണ്ണം, തുക (ലക്ഷത്തിൽ) എന്ന ക്രമത്തിൽ:


ജില്ലാ പഞ്ചായത്ത് 227 5727.26, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 127 1233.13, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 134 1319. 52,
കൽപ്പറ്റ മുനിസിപ്പാലിറ്റി 205 1688.69, മാനന്തവാടി മുനിസിപ്പാലിറ്റി 282 1516.05.
ഗ്രാമ പഞ്ചായത്തുകൾ: അമ്പലവയൽ 196 896.58, എടവക 200 1069.47,കണിയാമ്പറ്റ 207 1509.04, കോട്ടത്തറ 136 701.51, മീനങ്ങാടി 225 1769.58, നെൻമേനി 237 1621.26, നൂൽപ്പുഴ 188 1503.24, പൊഴുതന 125 8827.63, പുൽപ്പള്ളി 208 1849.41, തൊണ്ടർനാട് 180 1028.33, വെള്ളമുണ്ട 207 1067.25, വെങ്ങപ്പള്ളി 115 358.72, പടിഞ്ഞാറത്തറ 235 825.04, പനമരം 242 1657.33, മേപ്പാടി 180 1204.49, മുട്ടിൽ 204 2012.83, മൂപ്പൈനാട് 142 1071.69.

ഹോമിയോ 'അരികെ' പദ്ധതി

കൽപ്പറ്റ: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഹോമിയോ വകുപ്പിന്റെ നേതൃത്വത്തിൽ അരികെ പദ്ധതി ആരംഭിച്ചു. രോഗബാധയുടെ ഭാഗമായി മാനസിക സമ്മർദം അനുഭവപ്പെടുന്നവർക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം ടെലി മെഡിസിൻ വഴി ഹോമിയോ ഡോക്ടറുടെയും സൈക്കോളജിസ്റ്റിന്റെയും സേവനം ലഭ്യമാക്കും. രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് ടെലികൺസൾട്ടേഷൻ വഴി പരിശോധന നൽകുന്നത്. മരുന്ന് ആവശ്യമുള്ളവർക്ക് അടുത്തുള്ള സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലൂടെ അവ ലഭ്യമാക്കും. ഹെൽപ്പ് ഡെസ്‌ക് നമ്പർ : 9626619821, 8075480677.


ഒരു കോടി അനുവദിച്ചു

കൽപ്പറ്റ: ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എളമരം കരീം എം.പിയുടെ വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർക്ക് തുകയുടെ ഭരണാനുമതി നൽകി.