സുൽത്താൻ ബത്തേരി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബത്തേരി പട്ടണത്തിലെ തെരുവോരങ്ങളിൽ കഴിഞ്ഞുവന്ന ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ആന്ധ്രപ്രദേശ്, ചത്തീസ്ഗഢ്, തമിഴ്നാട് കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരെയുമാണ് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് നഗരസഭയുടെ നേതൃത്വത്തിൽ മാറ്റിയത്.
പകൽ സമയങ്ങളിൽ തെരുവോരങ്ങളിൽ കഴിയുകയും രാത്രികാലങ്ങളിൽ ബത്തേരി പട്ടണത്തിലെ കടവരാന്തയിൽ അന്തിയുറങ്ങുകയും ചെയ്തു വന്ന 34പേരെയാണ് ഇന്നലെ കുപ്പാടി ഗവ.ഹൈസ്‌കൂളിൽ പ്രത്യേകം സജ്ജീകരിച്ച സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽതേടിയെത്തിയവരും ഭിക്ഷാടനം നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, കാസർകോട്, തൃശൂർ, കൊല്ലം, കോട്ടയം, എറണാകളം,കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരെയാണ് കുപ്പാടി സ്‌കൂളിലെ സുരക്ഷിതകേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുന്നത്. മാസങ്ങളായി ബത്തേരി പട്ടണത്തിൽ കഴിയുന്നവരും ദിവസങ്ങൾക്ക് മുമ്പ് എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. കാസർകോട് കുമ്പളയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് ബത്തേരിയിലെത്തിയ ആളും ഉണ്ട്.
പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് തെരുവോരങ്ങളിൽ കഴിഞ്ഞുവന്ന ഇവരെ വാഹനത്തിൽ കുപ്പാടി സ്‌കൂളിലെ കേന്ദ്രത്തിലെത്തിച്ചത്. ഫയർ ആൻഡ് റെസ്‌ക്യുഫോഴ്സ് എത്തി അണുനാശിന് സ്‌പ്രേ ശരീരത്തിൽ അടിച്ചതിന്‌ശേഷം കുളിപ്പിച്ചാണ് പ്രത്യേകം സജ്ജീകരിച്ച മുറികളിലേക്ക് മാറ്റിയത്.

ഇവർക്ക് അത്യാവശ്യംവേണ്ട വസ്ത്രങ്ങളും ആവശ്യസാധനങ്ങളും നൽകി. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷണവും എത്തിച്ച് നൽകി. ഇന്ന് മുതൽ കൊവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവർക്കടക്കമുള്ള ഭക്ഷണം കുപ്പാടിയിൽ തുടങ്ങുന്ന കമ്മ്യുണിറ്റി കിച്ചണിൽ നിന്ന് നൽകും.
നഗരസഭ ചെയർമാൻ ടി.എൽ.സാബു, ഡെപ്യുട്ടി ചെയർപേഴ്സൺ ജിഷഷാജി, സ്റ്റന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി.കെ.സഹദേവൻ, ബാബു അബ്ദുൾ റഹ്മാൻ, കൗൺസിലർമാരായ ടി.കെ.രമേശ്, എം.സി.ശരത്, റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ രവി, എസ്.ഐ. പ്രകാശ്, സാമൂഹ്യ പ്രവർത്തകൻ ലിയോജോണി എന്നിവരുടെനേതൃത്വത്തിലാണ് ഇവരെ ക്യാമ്പുകളിലെത്തിച്ചത്.

ഫോട്ടോ
-തെരുവോരങ്ങളിൽ കഴിഞ്ഞവരെ കുപ്പാടി സ്‌കൂളിലെ ക്യാമ്പിലേക്ക് എത്തിച്ച് ശരീരത്തിൽ അണുനാശിനി സ്‌പ്രേ ചെയ്യുന്നതിനായി ഇരുത്തിയിരിക്കുന്നു


-ഫയർഫോഴ്സ് അണുനാശിനി സ്‌പ്രേ ചെയ്യുന്നു.