കുന്ദമംഗലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കുന്ദമംഗലം പഞ്ചായത്തിൽ സാമൂഹ്യ അടുക്കള ഇന്ന് പ്രവർത്തനമാരംഭിക്കും. കുന്ദമംഗലം ഹയർ സെക്കൻഡറി സ്‌കൂളിലെ അടുക്കളയാണ് കമ്മ്യൂണിറ്റി കിച്ചണാക്കി മാറ്റുന്നത്. ആദ്യദിവസത്തെ ഭക്ഷണത്തിന്റെ പൂർണ ചെലവ് കുന്ദമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വഹിക്കും.
ഇനിയുള്ള ദിവസങ്ങളിൽ ഭക്ഷണത്തിന് ആവശ്യമായ അരി സ്‌കൂളുകളിൽ നിന്ന് ശേഖരിക്കും. താത്പര്യമുള്ളവർക്ക് പലവ്യഞ്ജനങ്ങളും പച്ചക്കറികളും നൽകി സഹായിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഭക്ഷണം വീടുകളിൽ എത്തിക്കുന്നതിന് ഓരോ വാർഡിലും പത്ത് വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്റെ നേതൃത്വത്തിൽ കിച്ചൺ ഒരുക്കുന്നതിനുള്ള നടപടികൾ വിലയിരുത്തി. ക്ഷേമകാര്യ ചെയർമാൻ ടി.കെ.ഹിതേഷ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്‌സൺ അസ്‌ബിജ , എം.വി.ബൈജു, പി.പവിത്രൻ, വിനോദ് പടനിലം, എ.കെ.ഷൗക്കത്തലി, പഞ്ചായത്ത് സെക്രട്ടറി നവാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു.