കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. അടിയന്തര സാഹചര്യം നേരിടുന്നതിന് സന്നദ്ധ സേന രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്നലെ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളും കൊറോണ നിയന്ത്രണ രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും തയ്യാറാകണം. രോഗം സ്ഥിരീകരിച്ചവർക്കും ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഫലപ്രദമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണം. മെഡിക്കൽ കോളേജ് ആശുപത്രി മെയിൻ ബ്ലോക്ക് കൊറോണ സെന്ററായി മാറ്റിയ സാഹചര്യത്തിൽ മറ്റു അടിയന്തര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിൽ മെഡിക്കൽ കോളേജും ബീച്ച് ജനറൽ ആശുപത്രിയും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിൽ ജാഗ്രത വേണം. ആശുപത്രികളിൽ മരുന്നിന് ദൗർലഭ്യം പാടില്ല. സാനിറ്റൈസർ , മാസ്‌ക്, പി.പി.ഇ കിറ്റുകൾ എന്നിവ ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കണം.
അടിയന്തര സാഹചര്യം നേരിടാൻ സന്നദ്ധ സേന രൂപീകരിക്കുന്നതിന്റെ മുന്നോടിയായി സന്നദ്ധം എന്ന പേരിൽ പോർട്ടൽ തുടങ്ങിയിട്ടുണ്ട്. അപേക്ഷകരിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും തിരിച്ചറിൽ കാർഡും യാത്രാബത്തയും നൽകും. ഭക്ഷണലഭ്യത ഉറപ്പാക്കുന്നതിന് ആവിഷ്‌കരിച്ച കമ്മ്യൂണിറ്റി കിച്ചൺ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും കോർപറേഷനിലുമുണ്ടെന്ന് ഉറപ്പാക്കണം. വിതരണ സമ്പ്രദായവും ഫലപ്രദമാക്കേണ്ടതുണ്ട്. ഇത് കൂടാതെ കുടുംബശ്രീ യൂണിറ്റുകൾ വഴിയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളും പ്രാവർത്തികമാക്കാൻ നടപടിയെടുക്കും.
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്ന പ്രവണത വിപണിയിലുണ്ടാവരുത്. ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തണം. എല്ലാ കുടുംബങ്ങൾക്കും 15 കിലോ അരി റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള തീരുമാനത്തിൽ റേഷൻ കാർഡ് ഇല്ലാത്തവരെയും ഉൾപ്പെടുത്തും. കാർഡില്ലാത്ത കുടുംബങ്ങൾക്ക് ആധാർ നമ്പറിന്റെ അടിസ്ഥാനത്തിൽ ഇത് നൽകാനാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം ഫലപ്രദമാക്കണമെന്നും അവർക്ക് ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി.
യോഗത്തിൽ എ. പ്രദീപ്കുമാർ എം.എൽ.എ, ജില്ലാ കളക്ടർ സാംബശിവ റാവു, സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജ്ജ്, റൂറൽ എസ്.പി ഡോ. ശ്രീനിവാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ തുടങ്ങിയവർ സംബന്ധിച്ചു.