money-

മുക്കം: സർക്കാരിനോട് ദയനീയമായി അഭ്യർത്ഥിക്കുകയാണ് ഒരു വിഭാഗം ജീവനക്കാർ; 'ഞങ്ങളെ മറക്കരുത് ".

ലോക്ക് ഡൗണിൽ കുടുങ്ങി ഭീതിയോടെ വീടുകളിൽ കഴിയുന്ന എല്ലാ ജനവിഭാഗങ്ങൾക്കും സർക്കാരിന്റ ആശ്വാസ പദ്ധതികളുടെ ഗുണം ലഭിക്കുമ്പോൾ കൈയിൽ കരുതലൊന്നുമില്ലാതെ എവിടെ നിന്ന് ഒന്നും പ്രതീക്ഷിക്കാനുമില്ലാതെ നിസഹായരായിരിക്കയാണ് മാനസിക വെല്ലുവിളി നേരിടുന്നവരെ പരിശീലിപ്പിക്കുന്ന സ്‌പെ‌ഷ്യൽ സ്കൂളുകളിലെ ജീവനക്കാർ.

തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന ഇവരിൽ പലർക്കും അത് ലഭിച്ചിട്ട് നാലും മാസമായി. ഇനി സർക്കാരിന്റെ പ്രത്യേക പാക്കേജ് പ്രകാരമുള്ള ധനസഹായം കിട്ടിയെങ്കിലേ ഇവർക്ക് രക്ഷയുള്ളു. പെൻഷനോ ക്ഷേമ പദ്ധതികളോ ഇല്ലാത്ത ഇവരുടെ ദുരിതജീവിതത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുകയാണ് ലോക്ക് ഡൗൺ കാലം.

സംസ്ഥാന സർക്കാർ 2017ൽ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് പ്രകാരമുള്ള ആനുകൂല്യങ്ങൾ ഇപ്പോഴെങ്കിലും വിതരണം ചെയ്യണമെന്നാണ്‌ ഇവരുടെ അഭ്യർത്ഥന. മുഖ്യമന്ത്രിയോടും ധനകാര്യ മന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടുമാണ് സ്‌പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി മുഖേനയാണ് ജീവനക്കാർ ഈ അഭ്യർത്ഥന നടത്തിയത്.