മുക്കം: പനിയുടെ ലക്ഷണങ്ങളോടെ ഓട്ടോറിക്ഷയിൽ കർണാടകത്തിലേക്ക് തിരിച്ച മൂന്നംഗ സംഘം മുക്കത്ത് പൊലീസിന്റെ പിടിയിലായി. ഇതുപോലെ മോട്ടോർ ബൈക്കിൽ കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന മഞ്ചേരി സ്വദേശിയും കുടുങ്ങി. പ്രാഥമിക പരിശോധനയിൽ പനിയുടെ ലക്ഷണം കണ്ടതോടെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.

കായങ്കുളത്തു നിന്ന് ബാംഗ്ലൂരിലേക്ക് ഓട്ടോറിക്ഷയിൽ പുറപ്പെട്ടതായിരുന്നു മൂന്നംഗ സംഘം. ഇവരിൽ രണ്ടു പേർ ആന്ധ്ര സ്വദേശികളായ ഇമാം, അൻസാരി സർദാർ എന്നിവരാണ്. ഡ്രൈവർ കർണാടക സ്വദേശി അക്രം പാഷയും. പഴയ വസ്ത്രങ്ങൾ വില്പന നടത്തുന്ന സംഘമാണിതെന്ന് പൊലീസ് പറഞ്ഞു. ലോക്ക് ഡൗണിനിടെ ഹൈവേയിലെ പരിശോധനാ പോയിന്റുകൾ ഏറെ മറികടന്ന് ഇവർ എത്തിയെന്നത് പൊലീസിനെയും അത്ഭുതപ്പെടുത്തുന്നു.

ഇവരെ കസ്റ്റഡിയിലെടുത്ത ഉടൻ പൊലീസ് ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഗുണ്ടൽപേട്ടയിൽ നിന്നു പച്ചക്കറി വണ്ടിയുമായി വന്ന മഞ്ചേരി സ്വദേശി അവിടെ നിന്ന് ബൈക്കിൽ കൊയിലാണ്ടിയിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്. ഇയാൾക്കെതിരെ പകർച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വാഹനവും കസ്റ്റഡിയിലെടുത്തു