കോഴിക്കോട്: അമിതവില ഈടാക്കുന്നത് തടയുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ജില്ലയിൽ വിവിധ കടകളിൽ പരിശോധന നടത്തി. അഞ്ച് സ്‌ക്വാഡുകളായി 152 കടകൾ പരിശോധിച്ചു. പല കടകളിലും അമിതവില ഈടാക്കുന്നതായും പച്ചക്കറി ഒരേ ഇനത്തിനു തന്നെ പല കടകളിലും പല വില ഈടാക്കുന്നതായും ശ്രദ്ധയിൽപെട്ടതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എരഞ്ഞിപ്പാലം, പന്നിയങ്കര, പാളയം, ബേപ്പൂർ, നല്ലളം എന്നിവിടങ്ങളിലെ പച്ചക്കറിക്കടകൾ, സ്റ്റേഷനറി, ബേക്കറി, സൂപ്പർമാർക്കറ്റ്, ചിക്കൻ കടകൾ എന്നിവ പരിശോധിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയ വ്യാപാരികൾക്കെതിരെ അവശ്യസാധന നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നതിനായി നോട്ടീസ് നൽകി.
പരിശോധനയ്ക്ക് സിറ്റി സൗത്ത് റേഷനിംഗ് ഓഫീസർ ബിജി തോമസ്, സിറ്റി നോർത്ത് റേഷനിംഗ് ഓഫീസർ കെ. മുരളീധരൻ എന്നിവർ നേതൃത്വം നൽകി. റേഷനിംഗ് ഇൻസ്പെക്ടർമാരായ ആര്യാദാസ്, സി.കെ അബ്ദുറഹ്‌മാൻ, എ.പി ബീനാറാണി, രാധാകൃഷ്ണൻ, വി സുരേഷ് എന്നിവരുമുണ്ടായിരുന്നു.

അമിതവിലയും പൂഴ്ത്തിവെപ്പും ശ്രദ്ധയിൽ പെട്ടാൽ സിവിൽ സപ്ലൈസ് അധികൃതരെ അറിയിക്കാം. പരാതി അറിയിക്കേണ്ട നമ്പർ: താലൂക്ക് സപ്ലൈ ഓഫീസർ കോഴിക്കോട് - 9188527400, സിറ്റി റേഷനിംഗ് ഓഫീസർ
സൗത്ത് - 9188527401, സിറ്റി റേഷനിംഗ് ഓഫീസർ നോർത്ത് - 9188527402, താലൂക്ക് സപ്ലൈ ഓഫീസർ കൊയിലാണ്ടി - 9188527403, താലൂക്ക് സപ്ലൈ ഓഫീസർ വടകര - 9188527404, താലൂക്ക് സപ്ലൈ ഓഫീസർ താമരശ്ശേരി - 9188527399.