street-dog

കോഴിക്കോട്: ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പട്ടിണിയിലായ തെരുവ് നായ്‌ക്കൾ അക്രമാസക്തരാകാൻ സാദ്ധ്യതയുണ്ടെന്ന് മൃഗസംരക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ജനം ജാഗ്രതപുലർത്തണം. തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം നൽകണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 ശീലം തെറ്റിയാൽ വിനയാകും

ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരിക്കാൻ തെരുവുനായ്‌ക്കൾക്കാവും. എന്നാൽ ദിവസവും എന്തെങ്കിലുമൊക്കെ ഭക്ഷണം ലഭിച്ചിരുന്ന ഇവയ്ക്ക് ഒന്നും കിട്ടാതാകുന്നത് ആദ്യമായാണ്. ഇതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഹോട്ടലുകാരും വ്യാപാരികളും നൽകുന്ന ഭക്ഷണത്തിനുപുറമേ റോഡരികിൽ തള്ളുന്ന മാലിന്യവും തിന്നാണ് ഇവ വിശപ്പടക്കിയിരുന്നത്. എന്നാൽ കടകളടച്ചതോടെ ക്ഷണം മുടങ്ങി. ഇതോടെ വെള്ളത്തിനും ഭക്ഷണത്തിനുമായി നായ്ക്കൾ അലയുകയാണ്. ലോക് ഡൗൺ പ്രഖ്യാപിച്ച രാപകൽ വ്യത്യാസമില്ലാതെ പത്തും പതിനഞ്ചും സംഘങ്ങളടങ്ങുന്ന സംഘം റോഡുകൾ കീഴടക്കുകയാണ്.

പ്രഭാത സവാരിക്കും മറ്റും റോഡിലിറങ്ങുന്നവർക്കു നേരെ തെരുവുനായ്ക്കൾ കുരച്ചുചാടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. പലരും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.

'ഭക്ഷണം തീരെ ഇല്ലാത്ത പ്രദേശങ്ങളെക്കുറിച്ച് ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. പേവിഷബാധയ്‌ക്കുള്ള സാദ്ധ്യത നിലവിലില്ല".

- ഡോ. കെ. സിന്ധു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ