പുറത്തിറങ്ങാതെ കോഴിക്കോട് ഉള്യേരിയിലെ വീട്ടിലാണെങ്കിലും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരക്കിലാണ്. പാർട്ടി പ്രവർത്തനത്തിനൊപ്പം ഇപ്പോൾ പശുപരിപാലനത്തിനും വേണ്ടത്ര സമയം. പുസ്‌തക വായനയ്‌ക്കും കിട്ടി, കുറെ സമയം.
ലോക്ക് ഡൗണിൽ കുടുങ്ങി ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ പാർട്ടി പ്രവർത്തകർക്ക് അടിക്കടി നിർദ്ദേശങ്ങൾ നൽകുന്നു. പാർട്ടി പ്രവർത്തനത്തിനൊപ്പം തെരുവുകളിലും ഒറ്റപ്പെട്ട വീടുകളിലും കഴിയുന്നവർക്ക് ഭക്ഷണവുമായി പ്രവർത്തകർ എത്തുന്നുണ്ടോ എന്ന് ഓരോ മണിക്കൂറിലും തിരക്കുന്നു. സേവനപ്രവർത്തനങ്ങൾക്ക് ബൂത്ത് തലം മുതൽ സംസ്ഥാനതലം വരെ പാർട്ടിയുടെ സന്നദ്ധ സേവകരുണ്ട്.
സമൂഹ മാദ്ധ്യമങ്ങളിലും സുരേന്ദ്രൻ ഇപ്പോൾ കൂടുതൽ സജീവം. കേന്ദ്ര സർക്കാരിൻെറ കൊറോണ പാക്കേജിനെക്കുറിച്ചും സംസ്ഥാന സർക്കാരിൽ നിന്ന് ജനങ്ങൾക്കു ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചുമുള്ള പോസ്റ്റുകൾ കൊണ്ട് സമ്പന്നമാണ് സുരേന്ദ്രന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ.
പിന്നെ, സ്വകാര്യമായ ഒരു സന്തോഷം കൂടി: ഭാര്യ ഷീബയ്ക്കും മക്കളായ ഹരികൃഷ്ണനും ഗായത്രിക്കുമൊപ്പം ചെലവഴിക്കാനും കൂടുതൽ സമയമുണ്ട്.