കോഴിക്കോട്: കൊറോണ പ്രതിരോധ പ്രവർത്തനത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ മാനസിക പിന്തുണയുമായി ജില്ലാ ആരോഗ്യ വിഭാഗവും മാനസികാരോഗ്യ കേന്ദ്രവും രംഗത്ത്. ആരോഗ്യ പ്രവർത്തകർക്ക് അവർ നേരിടുന്ന മാനസിക പ്രശ്‌നങ്ങൾക്കും പിരിമുറുക്കങ്ങൾക്കും പരിഹാരവും മാർഗനിർദ്ദേശങ്ങളും മാനസികാരോഗ്യ കേന്ദ്രം ലഭ്യമാക്കും. ഇതിനായി ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക ഹെല്പ് ലൈൻ സെൽ സജ്ജീകരിച്ചു. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ സേവനം ലഭ്യമാണ്. സേവനങ്ങൾക്ക് 8281904533, 8547775033 എന്നീ നമ്പറുകളിൽ വിളിക്കാം.
വീടുകളിൽ കഴിയുന്നവർക്കും നിരീക്ഷണത്തിൽ തുടരുന്നവർക്കും മാനസിക പിന്തുണ നൽകി ഉത്കണ്ഠ, വിഷാദം, മാനസിക പിരിമുറുക്കം, പേടി, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക അവസ്ഥകളെ മറികടക്കാൻ എല്ലാ സേവനങ്ങളും പിന്തുണയും ജില്ലാ മാനസികാരോഗ്യ വിഭാഗം നൽകുന്നുണ്ട്. ഇതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി മറ്റൊരു സെല്ലും പ്രവർത്തിക്കുന്നുണ്ട്. വിഷാദം, ഉത്കണ്ഠ അടക്കമുള്ള പ്രശ്‌നങ്ങളുള്ളവർക്ക് കൗൺസലിംഗ് നൽകുകയും ആരോഗ്യ വകുപ്പിനെ അറിയിച്ചു തുടർനടപടികൾ സ്വീകരിക്കും. 9495002270 എന്ന നമ്പറിൽ വിളിക്കാം. മദ്യപർ നേരിടുന്ന മാനസിക സംഘർഷങ്ങൾക്കും കൃത്യമായ പിന്തുണയും മറുപടിയും ഇവർ നൽകും. മാനസികാരോഗ്യ മേഖലയിൽ പ്രാവീണ്യം സിദ്ധിച്ച വിദഗ്ദ്ധ സംഘത്തെ ഏകീകരിച്ചു കൊണ്ട് കോഴിക്കോട് ഇംഹാൻസും പ്രവർത്തിക്കുന്നുണ്ട്. രാവിലെ 9 മുതൽ രാത്രി 9 വരെയുള്ള സമയത്താണ് 26 പേരടങ്ങിയ സംഘത്തിന്റെ സേവനം.