hooch-tragody

കോഴിക്കോട്: മദ്യശാലകൾ അടച്ചതിനെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാജമദ്യലോബി പിടിമുറുക്കിയതോടെ പൊലീസ്, എക്‌സൈസ് പരിശോധന ശക്തമാക്കി. താമരശ്ശേരി തലയാട് ചെറിയ മണിച്ചേരി ഭാഗത്ത് താമരശ്ശേരി എക്‌സൈസ് റേഞ്ച് സംഘം ഇന്നലെ നടത്തിയ റെയ്ഡിൽ 400 ലിറ്റർ വാഷ് കണ്ടെത്തി. തലയാട്‌വയലട ഭാഗങ്ങളിൽ വ്യാജവാറ്റ് സജീവമാണെന്ന പരാതിയെ തുടർന്നുള്ള റെയ്ഡിലാണ് ചെറിയ മണിച്ചേരി കണ്ണിവയൽ റോഡിന് സമീപത്തു നിന്ന് വാഷ് കണ്ടെത്തിയത്. താമരശ്ശേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം. അനിൽ കുമാർ, സി.ഇ.ഒമാരായ വിവേക് പി., നൗഷീർ ടി.വി., സുജിൽ എസ്, ഡ്രൈവർ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

 വേട്ട വ്യാപകം

താമരശ്ശേരിയിൽ രണ്ടു ലിറ്റർ ചാരായവുമായി ഒരാളെ പൊലീസ് അറസ്റ്റു ചെയ്‌തു. മയിലള്ളം പാററെജി മുക്ക് ഏറാട്ട് വീട്ടിൽ ഇ.എഫ്. ജോസിനെയാണ് (40) താമരശ്ശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കൊട്ടാരക്കോത്ത് വളഞ്ഞ പാറയിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട നാലു യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു. വാവാട്, ഓമശ്ശേരി, വെളിമണ്ണ, വേനപ്പാറ സ്വദേശികളെയാണ് കഞ്ചാവ് ഉപയോഗിച്ചെന്നാരോപിച്ച് നാട്ടുകാർ തടഞ്ഞത്. ഇവരിൽ നിന്ന് കഞ്ചാവ് കണ്ടെത്താത്തതിനെ തുടർന്ന് ലോക് ഡൗൺപ്രകാരമുള്ള നിയന്ത്രണ ലംഘനത്തിന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. താമരശ്ശേരി എക്‌സൈസ് സംഘം വ്യാഴാഴ്ച നടത്തിയ വാഹന പരിശോധനയിൽ ഒരു കിലോ കഞ്ചാവുമായി എകരൂർ സ്വദേശി മുഹമ്മദ് ഷഹീനെ പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം പേരാമ്പ്ര പെരുവണ്ണാമൂഴി പൊലീസ് നടത്തിയ പരിശോധനയിൽ മുതുകാട് ചെങ്കോട്ടകൊല്ലിയിൽ നിന്ന് 17 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. വാറ്റുകാർ ഓടി രക്ഷപ്പെട്ടു. ലോക്ഡൗണായതോടെ ഉൾനാടുകളിൽ പലയിടങ്ങളിലും വ്യാജവാറ്റ് ആരംഭിച്ചിട്ടുണ്ട്.

വടകര റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസിന്റെയും എ.എസ്.പി അംഗിത് അശോകന്റെയും നിർദ്ദേശപ്രകാരം പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പക്ടർ പി. രാജേഷ്, എസ്.ഐ കെ.പി. ഹസൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു. കാക്കൂർ, മുത്തപ്പൻപുഴ എന്നിവടങ്ങളിൽ നിന്നും വാഷും ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

 മദ്യത്തിന്റെ അടിമകൾ ശ്രദ്ധിക്കണം
ലഭ്യയില്ലാത്തതിനാൽ മദ്യത്തിന് അടിമകളായ ചിലർക്കെങ്കിലും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇത്തരം ആളുകൾ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടാം. അപസ്മാരം, സ്ഥലകാലബോധമില്ലാതാവുക, മിഥ്യാ ധാരണകൾ, വിഭ്രാന്തി, ആത്മഹത്യ പ്രവണത തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികൾ ഡീ അഡിക്ഷൻ സംവിധാനങ്ങളുള്ള താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ തേടണം. എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ എക്‌സൈസ്, ആരോഗ്യം, പൊലീസ് എന്നിവരടങ്ങുന്ന ജില്ലാ വിമുക്തി സെൽ രൂപീകരിച്ചിട്ടുണ്ട്. താലൂക്ക് ഡീ അഡിക്ഷൻ സെന്ററുകളിലാണ് ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത്. വേണ്ടിവന്നാൽ റഫറലുകളായ ബീച്ച് ആശുപത്രിയിലിലെ ഡീ അഡിക്ഷൻ സെന്റർ, മാനസിക ആശുപത്രിയിലെ ഡീ അഡിക്ഷൻ സെന്റർ തുടങ്ങിയവയെ സമീപിക്കാം. ജില്ലാ വിമുക്തി 24 മണിക്കൂർ കൺട്രോൾ റൂമുമായോ (9495002270), വിമുക്തി ടോൾ ഫ്രീ നമ്പറായ1056 ലോ ബന്ധപ്പെടാം.

'മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ ലഹരിയ്ക്കായി മറ്റേതെങ്കിലും മാർഗം തിരഞ്ഞെടുക്കരുത്. ഈ അവസ്ഥയിൽ മറ്റൊരു അപകടം കൂടി ക്ഷണിച്ചുവരുത്തുന്നതാകും ഇത്".

- ജില്ലാ കളക്ടർ