ബാലുശ്ശേരി (കോഴിക്കോട്): ഇടിത്തീ പോലെ കൊറോണക്കാലം വന്നു വീണപ്പോൾ മറ്റു പലതിന്റെയും കാലം തെറ്റി. പൊതുവെ കല്ല്യാണ സീസണിനൊപ്പം മാർച്ച് മുതൽ പടർന്നുനീളാറുള്ള നാട്ടിൻപുറങ്ങളിലെ പണംപയറ്റിന്റെ കാലം പാടെ കെട്ടുപോയ അവസ്ഥയാണിപ്പോൾ.
പരസ്പരം തുണയ്ക്കുന്നതിന്റെ പരമ്പരാഗത രീതിയാണ് ഇവിടങ്ങളിലെ പണംപയറ്റ്. ചിലയിടങ്ങളിൽ കുറിക്കല്ല്യാണമെന്നാണ് പേര്. പയറ്റിന്റെ കണ്ണികളായി പണം തന്നു സഹായിക്കുന്നവർക്ക് തിരിച്ചുകൊടുക്കുക പലപ്പോഴും ഇരട്ടി തുകയായിരിക്കും. അത്യാവശ്യ കാര്യങ്ങൾക്ക് ഭേദപ്പെട്ട സംഖ്യ സ്വരൂപിക്കാനാവുമെന്നതു തന്നെ പയറ്റിന്റെ ഗുണം. മുമ്പൊക്കെ പയറ്റിന് ഇട്ടിരുന്നത് ചെറിയ തുകയായിരുന്നെങ്കിൽ ഇന്നതല്ല സ്ഥിതി. പതിനായിരങ്ങളും അതിനപ്പുറവും ഇറങ്ങുന്ന പയറ്റുകളുണ്ട്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കല്ല്യാണങ്ങളെന്ന പോലെ കുറിക്കല്ല്യാണങ്ങളും വ്യാപകമായി മാറ്റിവെക്കുകയാണ്. സാധാരണ നിലയിൽ ഓണം കഴിഞ്ഞാൽ പണം പയറ്റ് തുടങ്ങാറുണ്ടെങ്കിലും ശരിയായ സീസൺ മാർച്ച് തുടങ്ങി മേയ് വരെ നീളുന്ന മൂന്നു മാസങ്ങളാണ്. ഒന്നും രണ്ടും മാസം മുമ്പ് കത്ത് അടിച്ച് ക്ഷണിച്ചവരൊക്കെയും ഇപ്പോൾ പയറ്റ് മാറ്റി വെച്ചതിന്റെ അറിയിപ്പ് ഇടപാടുകാർക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ്.
സ്ഥലം വാങ്ങാൻ... വീടു പണി പൂർത്തിയാക്കാൻ... വീട്ടിലെ കല്ല്യാണം... ബാങ്ക് വായ്പ അടച്ചുതീർക്കാൻ... അങ്ങനെ ആവശ്യങ്ങൾ പലതായിരിക്കും പയറ്റിന്റേത്. ചിലയിടങ്ങളിൽ പയറ്റിന്
പഴയ പ്രതാപമില്ലെങ്കിലും കരുമല, കപ്പുറം, ഇയ്യാട്, വീര്യമ്പ്രം, കോക്കല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഇപ്പോഴും ഇത് ഏറെ സജീവമാണ്. കരുമലയുടെ കാര്യത്തിലാണെങ്കിൽ യുവാക്കൾ നല്ലൊരു പങ്കും പണം പയറ്റ് കണ്ണികളാണെന്ന സവിശേഷതയുമുണ്ട്. മുമ്പൊക്കെ
ആയിരത്തിൽപരം ഇടപാടുകാരുള്ള പയറ്റ് അപൂർവമായിരുന്നില്ല.
ഇന്നിപ്പോൾ ആ കണക്ക് ശരാശരി 250 വരെയായിരിക്കും.
കുറ്റി, കരിങ്കുറ്റി
ഒരാൾക്ക് ഇടപാടുകാരായി നൂറു പേരുണ്ടങ്കിൽ നൂറു കുറ്റിയെന്നാണ് പറയുക. പയറ്റ് നടത്തുമ്പോൾ രണ്ടു മാസം മുമ്പേ ക്ഷണക്കത്ത് ഇടപാടുകാർക്ക് കൊടുത്തു തുടങ്ങും. പയറ്റിന്റെ വേദി മിക്കവാറും അടുപ്പക്കാരന്റെ കടയുടെ കോലായയിലായിരിക്കും. വന്നെത്തുന്ന കുറ്റിക്കാർക്ക് ചായയും പലഹാരവും ഒരുക്കിയിരിക്കും. കണക്കെഴുത്തിന് ഒരാളെ പ്രത്യേകം ഇരുത്തുകയാണ് പതിവ്.
നിശ്ചയിച്ച ദിവസം തുക കൊടുത്തില്ലെങ്കിൽ അത്തരക്കാരെ കരിങ്കുറ്റി എന്നാണ് വിളിക്കുക. പഴയ കാലത്ത് കരിങ്കുറ്റിക്കാരുടെ വീട്ടിലേക്ക് പകൽ സമയത്ത് ഓലച്ചൂട്ടും കത്തിച്ച് പോകുന്ന പതിവുണ്ടായിരുന്നു. ഇക്കാലത്ത് ഇടപാട് തെറ്റിക്കുന്നവരെ കൈകാര്യം ചെയ്യുന്ന രീതി പോലുമുണ്ട്.
ആർക്കെങ്കിലും ഇടപാടു തുടരാൻ താത്പര്യമില്ലെന്നാണെങ്കിൽ കൊടുക്കാനുള്ള തുക തീർത്ത് കണ്ണി മുറിയാം.