വടകര: അതിഥി തൊഴിലാളികൾക്ക് രണ്ടു നേരം ഭക്ഷണം നൽകി അഴിയൂർ ഗ്രാമപഞ്ചായത്ത്. സന്നദ്ധസംഘടനകളായ അഴിയൂർ ഫേസ് ബുക്ക് കൂട്ടായ്മ, സംഗമം അഴിയൂർ, ഷാർജ കെ.എം.സി.സി എന്നിവയുടെ സഹായത്തോടെയാണ് 62 പേർക്ക് ഭക്ഷണം എത്തിച്ചത്. അഴിയൂർ പഞ്ചായത്തിലെ 326 അതിഥി തൊഴിലാളികളിൽ 179 പേർ മാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്. ബാക്കിയുള്ളവർ സ്വദേശത്തേക്ക് മടങ്ങി. ജോലി ഇല്ലെങ്കിലും ചില കരാറുകാർ അവർക്കു കീഴിലുള്ള അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ഏർപ്പാടാക്കിയിട്ടുണ്ട്. ശേഷിക്കുന്നവർക്കാണ് ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ഭക്ഷണം ഉറപ്പാക്കിയത്. അംഗങ്ങളുടെ വീടുകളിൽ നിന്ന് പൊതിച്ചോർ ശേഖരിച്ചാണ് അഴിയൂർ കൂട്ടവും സംഗമം അഴിയൂരും ഭക്ഷണം സമാഹരിച്ചത്.
മാഹി റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ ഭക്ഷണവിതരണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, അഴിയൂർ കൂട്ടം അഡ്മിൻ പാനൽ അംഗം രാഗേഷ്, ഖത്തർ കെ.എം.സി.സി ട്രഷറർ സവാദ് എന്നിവർ സംസാരിച്ചു.
റെയിൽവേ സ്‌റ്റേഷൻ, അഴിയൂർ ചുങ്കം എന്നിവിടങ്ങളിലെ ഓട്ടോ തൊഴിലാളികളായ എം.എം.പ്രദീപൻ, ഫർസൽ, നിസാർ, ഷംസുദ്ദീൻ, ഇസ്മാഈൽ, നിയാസ് എന്നിവരാണ് ഭക്ഷണപ്പൊതി തൊഴിലാളികൾക്ക് എത്തിച്ചത്. വരുംദിവസങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനത്തിലൂടെ കൂടുതൽ പേർക്ക് ഭക്ഷണം നൽകാനാണ് കൂട്ടായ്മയുടെ തീരുമാനം.