കൽപ്പറ്റ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്തില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കളക്‌ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ വ്യാപനത്തിലേക്ക് പോകാതിരിക്കണമെങ്കിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ നൽകിയിട്ടുളള നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. ഒരു പ്രയാസവും സഹിക്കാതെ നിലവിലെ പ്രതിസന്ധി അതിജീവിക്കാൻ സാധിക്കില്ല. സ്വയം നിയന്ത്രണമാണ് വേണ്ടത്.
ജില്ലയിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചൺ ഒരുക്കിയിട്ടുണ്ട്. ട്രൈബൽ വിഭാഗങ്ങൾക്ക് ഭക്ഷണ വിതരണത്തിന് കോർപ്പസ് ഫണ്ട് ഉപയോഗിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ഉപയോഗിച്ചും ഭക്ഷ്യവസ്തുക്കളുടെ വിതരണം നിർവ്വഹിക്കാം.
കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ ചില സമീപനങ്ങൾ കർണ്ണാടക അതിർത്തിയിൽ നടക്കുന്നുണ്ട്. ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനവുമായി ബന്ധപ്പെടുന്ന എല്ലാ പ്രധാന റോഡുകൾ വഴിയും ചരക്ക് ഗതാഗതം സുഗമമായി നടക്കുമെന്നാണ് നേരത്തെ കേരളത്തിന് ലഭിച്ചിരുന്ന ഉറപ്പ്. കണ്ണൂർ ജില്ലയുടെ അതിർത്തിയായ ഒരു റോഡ് പൂർണ്ണമായും അടച്ചു. മംഗലാപുരം ഭാഗത്തും സമാനമായ സ്ഥിതിയുണ്ടായി. ചരക്ക് ഗതാഗതത്തിനുളള സാഹചര്യം ഒരുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ചകൾ നടന്ന് വരികയാണ്. ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
യോഗത്തിൽ എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ, ഒ.ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ,ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള,ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ തുടങ്ങിയവർ പങ്കെടുത്തു.
പച്ചക്കറി കൃഷിക്ക് രംഗത്തിറങ്ങണം
ലോക്ക് ഡൗൺ കാലയളവിൽ വീട്ടുവളപ്പിൽ പച്ചക്കറി കൃഷി തുടങ്ങാൻ ജനങ്ങൾ തയ്യാറാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഇതിന് ആവശ്യമായ വിത്തുകളും വളങ്ങളും ജില്ലാ ഭരണകൂടം ഉറപ്പാക്കും. ഹ്രസ്വകാല വിളകൾക്ക് ഊന്നൽ നൽകണം. നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കുളള പച്ചക്കറികൾ ഉറപ്പാക്കാൻ സാധിക്കണം. വീടുകളിൽ സുരക്ഷിതമായി കഴിയുന്നതോടൊപ്പം ക്രിയാത്മകമായ കാര്യങ്ങൾക്കായി സമയം ഉപയോഗപ്പെടുത്താൻ സാധിക്കണം. സ്വകാര്യ കൃഷിയിടങ്ങളിൽ കുടുംബശ്രീയുടെ സഹകരണത്തോടെ കൃഷിയിറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.