മാനന്തവാടി: നാട് കൊറോണ ഭീതിയിലായിരിക്കുമ്പോൾ ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും ഗ്രൂപ്പു തർക്കത്തിലാണെന്ന് ആരോപണം. കഴിഞ്ഞ ദിവസം ക്വാറന്റൈൻ അവധി ആവശ്യപ്പെട്ട ഡോക്ടറെ അവധി നൽകാതെ കോവിഡ് നോഡൽ ഓഫീസറായി നിയമിച്ചതും ഇയാൾ നൽകിയ അവധി അപേക്ഷ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതും ഇതിന്റെ ഭാഗമായിട്ടാണെന്നാണ് ആരോപണംമുയരുന്നത്.

ജില്ലാ ആശുപത്രിയെ കൊറോണ രോഗബാധിതരെ ചികിത്സിക്കുന്നതിന് മാത്രമായി ആരോഗ്യ വകുപ്പ് തീരുമാനിക്കുകയും ഇവിടെയുണ്ടായിരുന്ന ഗൈനക്കോളജി, സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ സർജറി വിഭാഗത്തിൽ വനിതാ ഡോക്ടറെ മാത്രം മാറ്റിനിയമിച്ചത് ഗ്രൂപ്പ് കളിയുടെ ഭാഗമായിരുന്നുവെന്നും പരാതിയുണ്ട്.

കോവിഡ് ആശുപത്രിയാക്കി മാറ്റിയ ജില്ലാ ആശുപത്രിയിൽ മതിയായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്ന് ഇവർ കഴിഞ്ഞ ദിവസം ഒരു ഗ്രൂപ്പിൽ അക്ഷപമുന്നയിച്ചിരുന്നു.

ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർക്ക് മാനന്തവാടിയിൽ നിന്ന് പുറത്തേക്ക് നിയമനം ലഭിച്ചപ്പോൾ ഇതിൽ താൽപ്പര്യമില്ലാത്തതിനാലാണ് ക്വാറന്റൈൻ അവധിക്ക് അപേക്ഷ നൽകിയതെന്നു പറയുന്നു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ തന്നെ നോഡൽ ഓഫീസറായി നിയമിച്ചപ്പോൾ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതിനിടെയാണ് ചിലർ ഇദ്ദേഹം നൽകിയിരുന്ന അവധിക്കത്ത് പുറത്ത് വിട്ടത്. ഇതോടെ സംഭവം വിവാദത്തിലാവുകയും ഇയാൾ വിശദീകരണവുമായി മാധ്യമങ്ങൾക്ക് മുമ്പിലും ജില്ലാ കളക്ട്രേറ്റിലുമെത്തുകയും ചെയ്തു. വൈകുന്നേരത്തോടെ നിയമനം റദ്ദാക്കുകയും ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിനിടെ ഇദ്ദേഹത്തോടൊപ്പം മീറ്റിംഗിൽ പങ്കെടുത്തവർ വൈറസ് ബാധ നിരീക്ഷണത്തിലുമായി.

നേരത്തെയുണ്ടായിരുന്ന സൂപ്രണ്ടിനെ ജില്ലാ ആശുപത്രിയിൽ നിന്നു സ്ഥലം മാറ്റിയതോടെയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരും വിയോജിക്കുന്നവരുമായി ഗ്രൂപ്പു തർക്കം തുടങ്ങിയത്.

ജില്ലാ ആശുപത്രിയെ മികച്ച നിലവാരത്തിലെത്തിക്കാൻ കഴിഞ്ഞുവെന്നതിനാൽ ഡോക്ടർമാർക്കിടയിലും ജീവനക്കാർക്കിടയിലും ഇദ്ദേഹത്തെ അനുകൂലിക്കുന്ന നല്ലൊരുവിഭാഗം ജില്ലാ ആശുപത്രിയിലുണ്ട്. ഇവരിൽ ആരെങ്കിലുമാവാം അവധിക്കത്ത് പുറത്ത് വിട്ടതെന്നാണ് നിഗമനം.ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്.