കോഴിക്കോട്: കൊറോണ കാരണം കഷ്ടപ്പെടുന്ന വ്യാപാരികളെ സഹായിക്കാൻ മുന്നോട്ടെത്തിയ കോഴിക്കോട്ടെ കെട്ടിട ഉടമയും വ്യാപാരിയും പൊതുപ്രവർത്തകനുമായ സി.ഇ. ചാക്കുണ്ണിയുടെ സുമനസ് ദേശീയ മാദ്ധ്യമങ്ങളിലും ചർച്ചയാകുന്നു. വ്യാപാരികളെ സഹായിക്കാൻ ഈ മാസത്തെ വാടക ചാക്കുണ്ണി ഒഴിവാക്കിയിരുന്നു.

കോഴിക്കോട്ടെ മൊയ്‌തീൻ പള്ളി റോഡ്, ബേബി ബസാർ എന്നിവിടങ്ങളായി 60ലധികം കടകളാണ് ചാക്കുണ്ണിക്കുള്ളത്. തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാതെ വിഷമിക്കുന്ന ഘട്ടത്തിലാണ് ഒരു മാസത്തെ വാടക മുഴുവനായും ഒഴിവാക്കിയത്. ഇതാണ് മുംബയ് ആസ്ഥാനമായ 'ലോക്‌സത്താ" വലിയ പ്രാധാന്യം നൽകി ചാക്കുണ്ണിയുടെയും കോഴിക്കോട് മിഠായിത്തെരുവിന്റെയും ഫോട്ടോയും സഹിതം പ്രസിദ്ധീകരിച്ചത്.