മാനന്തവാടി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയാതെ ഡ്യൂട്ടിയിൽ പ്രവേശിച്ച മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.റഷീദിനെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. ഇദ്ദേഹത്തെ നിർബന്ധിത നിരീക്ഷണത്തിലാക്കാൻ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള നിർദ്ദേശിച്ചിട്ടുമുണ്ട്.

ബംഗളൂരുവിൽ നിന്നു എത്തിയ മകനോടൊപ്പം കഴിയേണ്ടി വന്ന സാഹചര്യത്തിൽ നിരീക്ഷണത്തിൽ പ്രവേശിക്കാൻ അവധി ആവശ്യപ്പെട്ട് ഡോ.റഷീദ് ജില്ലാ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഇതിന് ശേഷം ഇദ്ദേഹം ഡ്യൂട്ടിയിൽ പ്രവേശിച്ചുവെന്ന് മാത്രമല്ല, കളക്ടറേറ്റിലടക്കം എത്തി. അതിനിടയ്ക്ക് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ കൊറോണ നോഡൽ ഓഫീസറായി നിയമിച്ച് ഡി എം ഒ ഉത്തരവിറക്കിയിരുന്നു.

നിർബന്ധിത നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നതിനൊപ്പം ഇദ്ദേഹത്തെ നോഡൽ ഓഫീസർ സ്ഥാനത്ത് നിന്നു നീക്കിയിട്ടുമുണ്ട്.