സുൽത്താൻ ബത്തേരി: കേരളത്തിലേക്ക് പച്ചക്കറികൾ കൊണ്ടു വരുന്നതിന് കർണാടകയിലേക്ക് പോയ ചരക്ക് വാഹനങ്ങൾക്ക് കർണാടക അതിർത്തിയിൽ എട്ട് മണിക്കൂറോളം കാത്ത് കിടക്കേണ്ടി വന്നു. കർണാടക ആരോഗ്യ വകുപ്പ് അധികൃതരുടെ പരിശോധന വൈകിയതു കാരണമാണ് വാഹനങ്ങൾക്ക് കർണാടകയിലേക്ക് കടക്കാൻ കഴകയാതിരുന്നത്.
കാലത്ത് ആറ് മണിക്ക് മൂലഹള ചെക്ക് പോസ്റ്റിൽ എത്തിയ വാഹനങ്ങൾക്ക് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് പരിശോധനയും അണുനശികരണവും കഴിഞ്ഞ് പോകാനായത്. ഇതോടെ പല വാഹനങ്ങൾക്കും കർണാടകയിൽ നിന്ന് കൃത്യ സമയത്ത് പച്ചക്കറി എടുത്ത് എത്തിച്ചേരാനായില്ല.
ഒരു ദിവസം 60 വണ്ടികൾക്കാണ് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കർണാടകയിൽപോയി പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി റവന്യു വകുപ്പ് പാസ് അനുവദിച്ചിട്ടുള്ളത്. ഇത് ആർ.ടി.ഒ സീൽ ചെയ്ത്. ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനകൾക്ക് വിധേയമായശേഷമാണ് കേരളത്തിൽ നിന്ന് വണ്ടി കർണാടകയിലേക്ക് പ്രവേശിക്കുന്നത്. കർണാടകയിലെ മൂലഹള ചെക്ക് പോസ്റ്റിൽ കർണാടകയുടെ ആരോഗ്യ വകുപ്പ് വാഹനം ഉൾപ്പെടെ അണുനശീകരണം നടത്തിയാണ് കടത്തി വിടുന്നത്. ഇങ്ങനെ അണുനശീകരണം നടത്തുന്നതിനായി ഉദ്യോഗസ്ഥർ എത്താൻ വൈകിയതു കാരണമാണ് വാഹനങ്ങൾക്ക് മണിക്കൂറുകളോളം കാത്ത് കെട്ടി കിടക്കേണ്ടി വരുന്നത്.
അതേസമയം കർണാടക രജിസ്‌ട്രേഷനുള്ള ഇരുപത്തിയഞ്ചോളം ചരക്ക് വാഹനങ്ങൾ വെള്ളിയാഴ്ച വൈകീട്ട് കേരള അതിർത്തി കടന്ന് എത്തി. ഈ വാഹനങ്ങളെല്ലാം പെട്ടന്ന് പരിശോധന നടത്തി കേരളത്തിലേക്ക് കടത്തിവിടുകയായിരുന്നു. കേരള ചെക്ക് പോസ്റ്റിൽ അനാവശ്യമായി വാഹനങ്ങൾ പിടിച്ചിടുകയോ പരിശോധനയുടെ പേരിൽ കാലതാമസം വരുത്തുകയോ ചെയ്യുന്നില്ല.