വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ ബംഗാൾ സ്വദേശികളായ തൊഴിലാളികളെ കൊൽക്കത്തയിലെത്തിച്ച് മടങ്ങുന്നതിനിടെ ഒഡിഷ - ആന്ധ്ര അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ രണ്ടു ദിവസത്തോളം കുടുങ്ങിപ്പോയ മൂന്നു ടൂറിസ്റ്റ് ബസ്സുകളിലെ ജീവനക്കാർക്ക് ഇനിയും പൂർണ 'മോചന"മായില്ല.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആന്ധ്ര അതിർത്തിയിൽ ഉച്ചാപുരം ചെക്ക് പോസ്റ്റിൽ രണ്ടു ദിവസം മുമ്പാണ് വടകരയിൽ നിന്നുള്ള എട്ട് ജീവനക്കാർ വഴി തുറന്നുകിട്ടാതെ പെട്ടുപോയത്. പിന്നീട് ഇവിടെ നിന്നു മുഖ്യമന്ത്രിയുടെ ഓഫീസും കെ.മുരളീധരൻ എം.പി യും ഇടപെട്ടതോടെ ആ കടമ്പ കടന്നുകിട്ടിയെങ്കിലും ഇന്നലെ രാത്രി വൈകിയും ഇവർക്ക് ആന്ധ്ര കടന്നുകിട്ടാനായില്ല.

മണിക്കൂറുകളോളം പല ചെക്ക്പോസ്റ്റുകളിലായി കുടുങ്ങിപ്പോവുകയായിരുന്നു. ഈ അവസ്ഥയിൽ ഇനിയെത്ര ദിവസം കൊണ്ട് നാട്ടിലെത്താനാവുവെന്ന് അറിയില്ലെന്നാണ് ഇവർ പറയുന്നത്. ദിവസങ്ങളായി ബിസ്‌കറ്റും ബന്നുമാണ് ഇവരുടെ ഭക്ഷണം.

തൊഴിലാളികളുമായി മൂന്നു ബസ്സുകൾ ഇവിടെ നിന്ന് തിരിച്ചത് 23-നായിരുന്നു. അവരെ കൊൽക്കത്തയിൽ ഇറക്കി മടങ്ങുന്നതിനിടെ ഒരു ബസ് കേടായതോടെ ബംഗാളിലെ കമ്പനിയൽ ഏല്പിച്ചു. പിന്നീട് രണ്ടു ബസ്സുകൾ 26 നാണ് ഉച്ചാപുരം ചെക്ക് പോസ്റ്റിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം കെ.മുരളീധരൻ എം.പി ശ്രീകാകുളം പൊലീസ് സൂപ്രണ്ട് അമ്മി റെഡ്ഡിയുമായും രാം മോഹൻ നായിഡു എം.പി യുമായും ടെലിഫോണിൽ സംസാരിച്ചിരുന്നു. അതിനിടയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടു. വൈകാതെ ആന്ധ്രയിലേക്ക് കടക്കാനായെങ്കിലും പിന്നെയും ചെക്ക് പോസ്റ്റുകളോരോന്നും വലിയ കടമ്പയായി മാറുകയായിരുന്നു. ബസ് ജീവനക്കാരിൽ ആറു പേർ മലപ്പുറം കോട്ടക്കൽ സ്വദേശികളാണ്. മറ്റു രണ്ടു പേർ വടകരക്കാരും.