തിരൂരങ്ങാടി: കോഴിച്ചെന എം.എസ്.പി ക്യാമ്പിൽ പൊലീസുകാർ ഫുട്‌ബാൾ കളിക്കുന്നത് ഫേസ്ബുക്കിൽ ലൈവായി പോസ്റ്റ് ചെയ്ത തെന്നല ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡംഗം സുഹൈൽ അത്താണിക്കലിന് മർദ്ദനമേറ്റു. ഇന്നലെ വൈകിട്ട് അഞ്ചോടെ കമ്മ്യൂണിറ്റി കിച്ചൺ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ എത്തിയതായിരുന്നു സുഹൈൽ. ഈ സമയം തൊട്ടടുത്ത എം.എസ്.പി. ഗ്രൗണ്ടിൽ ഒരുകൂട്ടം പൊലീസുകാർ ഫുട്‌ബാൾ കളിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ സമീപത്തെ റോഡിൽ നിന്ന് മൊബൈലിൽ ദൃശ്യം പകർത്തുകയായിരുന്നത്രെ. ഇത് ശ്രദ്ധയിൽപെട്ട പൊലീസുകാരൻ പിന്നിലൂടെ വന്ന് മർദ്ദിച്ചെന്നും തുടർന്ന് എല്ലാവരും കൂട്ടമായി പഞ്ചായത്ത് ഓഫീസിലേക്ക് വന്നെന്നും സുഹൈൽ പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ സുഹൈൽ കോട്ടയ്ക്കൽ അൽമാസ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകുമെന്ന് സുഹൈൽ പറഞ്ഞു. സി.പി.എം വാർഡ് മെമ്പറാണ് സുഹൈൽ. ഫുട്ബാൾ കളിക്കാനും സമീപത്തുമായി 25 പൊലീസുകാരുണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.പി. കുഞ്ഞുമൊയ്തീൻ പറഞ്ഞു.