പുതുതായി 108 പേർ
കോഴിക്കോട് : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 10,762 പേർ നിരീക്ഷണത്തിൽ.
108 പേർ പുതുതായി നിരീക്ഷണത്തിലായവരാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 21 പേർ ഐസൊലേഷൻ വാർഡിലുണ്ട്. ജില്ലയിൽ ഇന്നലെ പുതിയ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒരു സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ആകെ 227 പരിശോധനാ ഫലം ലഭിച്ചതിൽ 218 എണ്ണം നെഗറ്റീവാണ്. ഒൻപത് പോസിറ്റീവ് കേസുകളിൽ ആറു പേരാണ് കോഴിക്കോട്ടുകാർ. രണ്ട് പേർ കാസർകോട് സ്വദേശികളാണ്. ഒരാൾ കണ്ണൂരുകാരനും. ഇനി 16 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.
മാനസിക സംഘർഷം കുറയ്ക്കാൻ മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 40 പേർക്ക് കൗൺസലിംഗ് നൽകി. 53 പേർ ഫോണിലൂടെ സേവനം തേടി. സോഷ്യൽ മീഡിയ മുഖേനയുള്ള ബോധവത്കരണം തുടരുകയാണ്.
ആരോഗ്യ വകുപ്പ് ഡയറക്ടർ ജില്ലാ കൺട്രോൾ റൂമിലെ ജീവനക്കാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിൽ ജില്ലാ സർവൈലൻസ് ഓഫീസർ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ബീച്ച് ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും നിർദ്ദേശങ്ങൾ നൽകി.