കോഴിക്കോട്: ന്യൂഡൽഹി, മുംബൈ തുടങ്ങിയ വൻനഗരങ്ങളിൽ നിന്ന് വീട്ടിലെത്താൻ കഴിയാതെ വിഷമിക്കുന്ന പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളുടെ പ്രശ്‌നത്തിന് വേഗത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു.
ഭക്ഷണം പോലുമില്ലാതെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ കൂട്ടപലായനം നടത്തുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. ഒന്നോ രണ്ടോ ദിവസത്തേക്ക് സർക്കാരിന്റെ മേൽനോട്ടത്തിൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് ട്രെയിൻ, ബസ് സർവിസ് നടത്തി അവരെ വീടുകളിലേക്ക് എത്തിക്കാൻ നടപടി സ്വീകരിക്കണം.
കേരളത്തിലേക്കുള്ള അതിർത്തി റോഡുകൾ മുഴുവൻ മണ്ണിട്ട് തടസ്സപ്പെടുത്തിയ കർണാടക സർക്കാരിന്റെ സമീപനം ശരിയല്ല. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു ഇവ തുറക്കാൻ നിർദ്ദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കർണാടകയിൽ നിന്ന് മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കാനുള്ള വഴികളാണ് അടച്ചിട്ടിരിക്കുന്നത്. അതിർത്തി പ്രദേശമായ മഞ്ചേശ്വരത്ത് നിന്ന് മംഗളൂരു ആശുപത്രിയിൽ പോവാനാവാതെ യുവതി ആംബുലൻസിൽ പ്രസവിച്ച സംഭവവും ആബുലൻസ് തടഞ്ഞതിനാൽ ചികിത്സ കിട്ടാതെ വൃദ്ധ മരിച്ച സംഭവവും വേദനാജനകമാണ്. അനിവാര്യ കാര്യങ്ങൾക്ക് അതിർത്തി തുറക്കുമെന്ന് ഉറപ്പാക്കാൻ പ്രാധാനമന്ത്രി നടപടിയെടുക്കണെമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.