food-waste

കോഴിക്കോട് : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സുരക്ഷിത മാലിന്യസംസ്‌ക്കരണം ഉറപ്പാക്കാൻ മാർഗ നിർദ്ദേശങ്ങളുമായി ഹരിതകേരളം മിഷൻ. കമ്മ്യൂണിറ്റി കിച്ചണിലും മറ്റ് കൂട്ടായ പ്രവർത്തനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ പാലിക്കേണ്ടവയാണ് നിർദ്ദേശങ്ങൾ.

കമ്മ്യൂണിറ്റി കിച്ചണുകൾ, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ച കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മാലിന്യസംസ്‌ക്കരണത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. മാസ്‌ക്കുകളും കൈയുറകളും ഉപയോഗിക്കുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് നശിപ്പിക്കണം. പ്ലാസ്റ്റിക് , അഴുകാത്ത പാഴ്‌വസ്തുക്കൾ എന്നിവ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്. അവ കഴുകി വൃത്തിയാക്കി വയ്ക്കണം. കൊറോണ ഭീതി ഒഴിയുമ്പോൾ ഹരിതകർമ്മസേനാംഗങ്ങൾ ഇവ ശേഖരിക്കും. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കണം.
കൊറോണ ആശുപത്രികൾ, ഐസൊലേഷൻ യൂണിറ്റുകൾ, വീടുകളിലെ ക്വാറന്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സംസ്‌ക്കരിക്കണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. കൊറോണ കാലത്തെ ജലസംരക്ഷണ കാർഷിക പ്രവർത്തനങ്ങൾ സംബന്ധിച്ചും ഹരിതകേരളം മിഷൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ മാർഗനിർദ്ദേശങ്ങളിലുണ്ട്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ചും പച്ചക്കറി കൃഷിരീതികളെ സംബന്ധിച്ചും ഹരിതകേരളം മിഷൻ ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ജില്ലാ കോ ഓർഡിനേറ്ററെ ബന്ധപ്പെടാനാണ് നിർദ്ദേശം.