kozhikode-corporation

കോഴിക്കോട്: നഗര വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകിയും നിലവിലെ പദ്ധതികളുടെ തുടർച്ച ലക്ഷ്യമിട്ടും കോഴിക്കോട് കോർപ്പറേഷൻ ബഡ്ജറ്റ്. 2019 - 20 വർഷത്തെ മതിപ്പ് ബ‌ഡ്ജറ്റുൾപ്പെടെ ഡെപ്യൂട്ടി മേയർ മീര ദർശക് അവതരിപ്പിച്ച അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജ​റ്റിൽ പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ല. 703.44 കോടി രൂപ വരവും 667.83 കോടി ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിലെ നീക്കിയിരിപ്പ് 35.61കോടി രൂപയാണ്. 416.56 കോടി റവന്യൂ വരുമാനവും 238.96 കോടി മൂലധന വരുമാനമാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ചിലവ് 395.35 കോടിയും മൂലധന ചെലവ് 272.48 കോടിയുമാണ്.

സംസ്ഥാന സർക്കാറിന്റെ 'നാം നമുക്കായി', നാല് വ്യത്യസ്ത മിഷനുകൾക്കും അമൃത്, പി.എം.എ.വൈ, ഐ.എൻ.യു.എൽ.എം തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കും ഊന്നൽ നൽകുന്നതാണ് ബഡ്ജറ്റ് നിർദ്ദേശങ്ങൾ. 698.44 കോടി രൂപ വരവും 650.52 കോടി ചിലവും വരുന്നതാണ് 2019- 20 വർഷത്തെ പുതുക്കിയ ബഡ്ജറ്റ്. മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

മാലിന്യ സംസ്‌ക്കരണം, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ സംരക്ഷണം, വിദ്യാഭ്യാസം, കായികം, ആരോഗ്യം, ഭവന നിർമ്മാണം, പട്ടികജാതി ക്ഷേമം എന്നീ മേഖലകളിലെ തുടർ വികസനത്തിനായി കൂടുതൽ തുക വകയിരുത്തി. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.77 കോടി രൂപയും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 91 ലക്ഷം രൂപയും മാർക്കറ്റുകളുടെ വികസനത്തിന് 29 ലക്ഷം രൂപയും വകയിരുത്തി. വരുമാനം വർദ്ധിപ്പിച്ചും ചെലവ് നിയന്ത്രിച്ചും സാമ്പത്തിക അച്ചടക്കം പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് മേയർ പറഞ്ഞു. കോഴിക്കോടിനെ ഇന്ത്യയിലെ മികച്ച നഗരങ്ങളിൽ ഒന്നാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ രാവിലെ 10ന് ആരംഭിച്ച യോഗ നടപടികൾ ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാക്കി.

# അണുവിമുക്തമാക്കി തുടക്കം

ടാഗോർ ഹാളിൽ നടന്ന കൗൺസിൽ യോഗത്തിലേക്ക് കൈകൾ അണുവിമുക്തമാക്കിയതിനു ശേഷമായിരുന്നു പ്രവേശനം. എല്ലാവർക്കും മാസ്‌ക്കുകളും നൽകി. എയർകണ്ടീഷൻ ഒഴിവാക്കി നിശ്ചിത അകലം പാലിച്ചായിരുന്നു ഇരിപ്പിടം. വേദിയിൽ മേയറും സ്ഥിരംസമിതി അദ്ധ്യക്ഷൻമാരും ഇരുന്നു. ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവർക്ക് അന്ത്യാഞ്ജലിയർപ്പിച്ചായിരുന്നു യോഗം തുടങ്ങിയത്. കൗൺസിൽ യോഗം പുറത്ത് നടത്തുന്നത് ചട്ട വിരുദ്ധമായതിനാൽ ടാഗോർ ഹാൾ നിശ്ചിത സമയം നഗരസഭാ ഓഫീസായി പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിടുകയായിരുന്നു.