കോഴിക്കോട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ തുടരുമ്പോഴും ചിലയിടങ്ങളിൽ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ നിരീക്ഷണം കൂടുതൽ കർശനമാക്കിയതായി ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. സാധുവായ സത്യവാങ്മൂലമോ പെർമിറ്റോ ഇല്ലാതെ തെരുവിലിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ ഉണ്ടാകും.
ജില്ലാ പൊലീസ് മേധാവിമാർ (സിറ്റി, റൂറൽ) സബ് ഡിവിഷണൽ മജിസ്‌ട്രേട്ടുമാർ, ചാർജ് ഓഫീസർമാർ, ഇൻസിഡന്റ് കമാൻഡർമാർ എന്നിവരെ കൂടാതെ നാലു താലൂക്ക് സ്‌ക്വാഡുകൾ, പൊലീസ് സ്‌ക്വാഡുകൾ, 118 വില്ലേജ് സ്‌ക്വാഡുകൾ എന്നിവയും നിരീക്ഷണത്തിനായി രംഗത്തുണ്ട്.
ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങൾ നിയമങ്ങളെ മാനിക്കുകയും ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയും വേണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.