കൽപ്പറ്റ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ സേവകരുടെ ബാഹുല്യം നിയന്ത്രണ വിധേയമാക്കേണ്ടതുണ്ടെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കളക്‌ട്രേറ്റിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികൾ തമ്മിൽ അകലം പാലിക്കേണ്ട സാഹചര്യമാണ് ഇപ്പോഴത്തേത്. അക്കാര്യത്തിൽ ഓരോരുത്തരും പരമാവധി ശ്രദ്ധപുലർത്തേണ്ടതുണ്ട്.

സന്നദ്ധ സേവകരുടെ സഹായം ഏറെ സഹായകരമാണെങ്കിലും ഓരോ സ്ഥലങ്ങളിലും എണ്ണം ക്രമപ്പെടുത്തേണ്ടതുണ്ട്. പല സ്ഥലങ്ങളിലും പത്തിലധികം പേർ ഒരുമിച്ച് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പല ദിശകളിലൂടെ സന്നദ്ധ സേവനത്തിന് എത്തുന്ന വോളണ്ടിയർമാർ ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യം നിയന്ത്രണ വിധേയമാക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ റേഷൻ വിതരണം തുടങ്ങുമ്പോൾ റേഷൻ കടകളിൽ തിരക്ക് കൂടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി റേഷൻ വിതരണത്തിൽ ക്രമീകരണമുണ്ടാക്കുന്നതിന് മന്ത്രി നിർദ്ദേശിച്ചു. കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്ക് ചരക്ക് എടുക്കാൻ പോകുന്ന വാഹന ഡ്രൈവർമാരെ അകാരണമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന കാര്യം ആർ.ടി.ഒ. യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ട്രാഫിക് തടസം സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാണ് അധികൃതർ ഇവരെ വിഷമിപ്പിക്കുന്നത്. ഇക്കാര്യത്തിൽ അവിടുത്തെ പൊലീസ് അധികാരികളുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

യോഗത്തിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ., ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ, എ.ഡി.എം. തങ്കച്ചൻ ആന്റണി, സബ് കളക്ടർ വികൽപ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടർ കെ.അജീഷ് തുടങ്ങിയവർ പങ്കെടുത്തു.


ചിത്രം: കോവിഡ് 19 അവലോകന യോഗത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ സംസാരിക്കുന്നു.

കോവിഡ് കെയർ സെന്ററുകളുടെ
ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക്
കൽപ്പറ്റ: ജില്ലയിലേക്ക് സംസ്ഥാനത്തിന് പുറത്തു നിന്നും മറ്റ് ജില്ലകളിൽ നിന്നും വന്ന ആളുകളെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്ന കോവിഡ് കെയർ സെന്ററുകളുടെ പരിപാലന ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി ജില്ലാ കളക്ടർ ഉത്തരവായി. വിദേശത്ത് നിന്ന് എത്തിയവരിൽ ചെറുതായി രോഗ ലക്ഷണങ്ങളുള്ളവരെ ചികിത്സിക്കുന്നതിന് കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്തും. ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ നടപടി.
കോവിഡ് കെയർ സെന്ററുകളിലേക്ക് ഭക്ഷണം, കുടിവെള്ളം എന്നിവ എത്തിക്കുന്നതിനും ശുചീകരണത്തിനും മാലിന്യ നിർമ്മാർജനത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. ഒന്നിടവിട്ട ദിവസങ്ങളിൽ സെന്ററുകളിലെ എല്ലാ മുറികളും വൃത്തിയാക്കണം. മാലിന്യം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുനശീകരണം നടത്തണം. ബ്ലീച്ചിംഗ് പൗഡർ, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ ആരോഗ്യ വകുപ്പ് ലഭ്യമാക്കും. കോവിഡ് കെയർ സെന്ററുകളിലേക്ക് ആവശ്യമായ മെഡിക്കൽ സാമഗ്രികളും ആരോഗ്യ വകുപ്പ് എത്തിക്കണം. ഐസൊലേഷനിൽ കഴിയുന്നവരുടെ മേൽനോട്ട ചുമതലയും ആരോഗ്യ വകുപ്പിനാണ്. വ്യക്തികളുടെ മുഴുവൻ വിവരങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം.

പനി, ചുമ, തൊണ്ടവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ അസുഖങ്ങളുള്ളവരെ പ്രവേശിപ്പിക്കരുത്.

കോവിഡ് കെയർ സെന്ററുകളിൽ താമസിക്കുന്നവർ

അനുവദിക്കപ്പെട്ടിട്ടുള്ള മുറിയിൽ തന്നെ കഴിയേണ്ടതാണ്. ഒരു കാരണവശാലും പുറത്തിറങ്ങുവാൻ പാടില്ല. ജനാലകൾ തുറന്ന് വായു സഞ്ചാരം ഉറപ്പുവരുത്തണം.
മുറിയിലുള്ള ശുചിമുറി, ബെഡ് ഷീറ്റുകൾ, വസ്ത്രങ്ങൾ എന്നിവ സ്വയം വൃത്തിയാക്കണം.
ഭക്ഷണത്തിന് മുമ്പും, പിമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റിൽ കുറയാതെ കഴുകേണ്ടതാണ്.
മറ്റാളുകളുമായി ഒരു കാരണവശാലും ഇടപഴകുവാൻ പാടില്ല.
ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും മുറിയിൽ എത്തിച്ചു നൽകും. പ്ലേറ്റ്, ഗ്ലാസ് എന്നിവ സ്വയം കഴുകി വൃത്തിയാക്കണം.
എന്തെങ്കിലും ആവശ്യങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ സെന്ററിന്റെ ചുമതലക്കാരനെ ഫോണിൽ ബന്ധപ്പെടണം.
താമസിക്കുന്ന മുറിയിലെ സാധന സാമഗ്രികൾക്ക് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചാൽ സാധനങ്ങളുടെ വില പിഴയായി അതത് മുറിയിലെ താമസക്കാരിൽ നിന്ന് ഈടാക്കുകയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യും.

കുടിവെള്ളം എത്തിക്കും
കൽപ്പറ്റ: രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കും അവശ്യ സർവീസിലുള്ള മറ്റ് ഉദ്യോഗസ്ഥർക്കും കോവിഡ് കെയർ സെന്ററുകളിലും കമ്മ്യൂണിറ്റി കിച്ചനുകളിലും ജില്ലാ വാട്ടർ അതോറിറ്റി കുടിവെള്ളമെത്തിക്കും. കുടിവെള്ളത്തിനായി 9447372329, 9188127926 നമ്പറുകളിൽ ബന്ധപ്പെടാം.

വിശപ്പകറ്റാൻ കമ്മ്യൂണിറ്റികിച്ചൺ

മാനന്തവാ: മാനന്തവാടി നഗരസഭ കുടുംബശ്രീയുമായി ചേർന്ന് സമൂഹ അടുക്കള ആരംഭിച്ചു. മാനന്തവാടി ഗവൺമെന്റ് യു.പി. സ്‌കൂളിലാണ് ഭക്ഷണം പാചകം ചെയ്ത് പാക്കറ്റുകളിലാക്കി സൗജന്യമായി വിതരണം ചെയ്യുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ, കടവരാന്തകളിൽ കഴിയുന്ന 27 പേർ, മാനന്തവാടിയിൽ എത്തിയിട്ടുള്ള 58 സർക്കസ് കലാകാരൻമാർ തുടങ്ങി നഗരസഭ പരിധിയിലെ വിവിധ ഡിവിഷനുകളിൽ പ്രയാസമനുഭവിക്കുന്ന 150 ഓളം പേർക്ക് ആദ്യ ദിവസം ഉച്ചഭക്ഷണം നൽകി. കൊവിഡ് കെയർ സെന്ററിലുള്ള അന്യജില്ലക്കാരായ ആളുകൾ ഉൾപ്പടെ 254 പേർക്ക് രാത്രി ഭക്ഷണവും നൽകി. വിവിധ കാരണങ്ങളാൽ പ്രയാസമനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് 20 രൂപ നിരക്കിൽ കുടുംബശ്രീ മുഖേന ഉച്ചഭക്ഷണ പൊതികളും 25 രൂപയ്ക്ക് ഹോം ഡെലിവറിയുമുണ്ടാകും. വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നും ലഭിക്കുന്ന സ്‌പോൺസർഷിപ്പിലൂടെയാണ് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ചെലവ് കണ്ടെത്തുന്നത്.

അതിഥി തൊഴിലാളികൾക്കായി കോൾ സെന്റർ

കൽപ്പറ്റ: അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയുന്നതിന് ജില്ലാ ഭരണകൂടം കോൾ സെന്റർ ആരംഭിച്ചു. ബംഗാളി, ഹിന്ദി, കർണാടക തുടങ്ങിയ ഇതര ഭാഷകൾ കൈകാര്യം ചെയ്യുന്ന ഒരാളെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. ജില്ലാ ലേബർ ഓഫീസിലാണ് കോൾ സെന്ററുകൾ പ്രവർത്തിക്കുന്നത്. ഫോൺ: 04936 203905.


സേവനങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

കൽപ്പറ്റ: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഇരുപത്തിനാലു മണിക്കൂറും പരിശോധന നടത്തിവരുന്നുണ്ട്. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ഏകോപിപ്പിച്ചിട്ടുള്ള പ്രവർത്തനമാണ് ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നത്. അതിർത്തി കടന്നുവരുന്ന വാഹനങ്ങൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ജില്ലയിൽ നിന്ന് അതിർത്തി കടന്നുപോകുന്ന ചരക്ക് വാഹന ഡ്രൈവർമാരെ ആരോഗ്യ വകുപ്പിന്റെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണു അതിർത്തി കടത്തിവിടുന്നത്. ഡ്രൈവർമാരെ രാത്രിയിൽ കർണാടകയിൽ തങ്ങാൻ അനുവദിക്കില്ല. അത്യാവശ്യ ഘട്ടങ്ങളിൽ കാട്ടിക്കുളം വഴിയും ചരക്ക് വാഹനങ്ങൾക്ക് പോകാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് ആർ.ടി.ഒ ജെയിംസ് മാത്യു അറിയിച്ചു. ജില്ലയിൽ നിന്ന് മറ്റു ജില്ലകളിലേക്ക് മരുന്ന് കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ചരക്ക് വാഹനങ്ങൾക്കും ജില്ലാ ഭരണകൂടത്തിന്റെയും ആർ.ടി.ഒ യുടെയും അനുമതി ഉണ്ടായിരിക്കണം.