മാനന്തവാടി: അവശ്യവസ്തുക്കൾക്ക് ജില്ലാ ഭരണകൂടം നിശ്ചയിച്ചതിനേക്കാൾ വിലക്കുറവ് പൊതുവിപണിയിൽ.
നേരത്തേ പൊതുവിപണിയിൽ വില കൂടുതലുണ്ടായിരുന്ന നിത്യോപയോഗ സാധനങ്ങളുടെ വില ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെ തുടർന്ന് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
മുഴുവൻ പച്ചക്കറി സാധനങ്ങൾക്കും ജില്ലാ ഭരണകൂടം വില നിശ്ചയിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന തക്കാളിക്ക് 34 രൂപ ജില്ലാ ഭരണകൂടം വില നിശ്ചയിച്ചപ്പോൾ പൊതുവിപണിയിൽ 30 രൂപയാണ് ഇന്നലത്തെ വില.
പച്ചമുളക് കിലോവിന് 65 രൂപ നിശ്ചയിച്ചപ്പോൾ വിപണിയിൽ 54 രൂപയും, 40 രൂപ വലിയ ഉള്ളിക്ക് വില നിശ്ചയിച്ചപ്പോൾ 35 രൂപയുമാണ് വിപണിയിൽ വില ഈടാക്കുന്നത്.
ചെറിയ ഉള്ളിക്ക് കടകളിൽ 80 രൂപയാണ് വില എങ്കിലും 100 രൂപയാണ് അധികൃതർ നിശ്ചയിച്ചത്. മുളകിന് 180 രൂപ നിശ്ചയിച്ചപ്പോൾ വിപണിയിൽ 160 രൂപ. ചെറുപയറിന് വിപണിയിൽ 100 രൂപ ഉള്ളപ്പോൾ 115 രൂപയാണ് അധികൃതർ വില നിശ്ചയിച്ചത്.
അതേ സ്ഥാനത്ത് പച്ചരിക്ക് നേരത്തേ വിപണിയിൽ 29 രൂപയായിരുന്നത് 26 രൂപയായി വില നിശ്ചയിച്ചതിനെ തുടർന്ന് വില കുറഞ്ഞു.
ഉഴുന്നിന് 110 രൂപയായിരുന്നത് 103 രൂപയായും, കടലയ്ക്ക് 70 രൂപ ഉള്ളത് 65 ആയും കുറഞ്ഞിട്ടുണ്ട്.
ഇപ്പോൾ അധികൃതർ നിശ്ചയിച്ച വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ അടുത്ത ദിവസങ്ങളിൽ കൊടുക്കാൻ പറ്റാത്ത സ്ഥിതി ഉണ്ടാവുമെന്നാണ് വ്യാപാരികൾ പറയുന്നത്. കർണ്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിത്യോപയോഗ സാധനങ്ങൾക്കും പച്ചക്കറികൾക്കും വില കൂടിവരികയും, കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഏറെ തടസ്സങ്ങളുണ്ടാകുതുകൊണ്ടും അവശ്യവസ്തുക്കളുടെ വില കൂടാൻ ഇടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.