ജില്ലയിൽ 1174 പേർ കൂടി നിരീക്ഷണത്തിൽ
കൽപ്പറ്റ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 1174 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 7906 ആണ്.
12 പേർ ആശുപത്രിയിലും 7894 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ജില്ലയിൽ നിന്ന് ഇന്നലെ 22 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 89 സാമ്പിളുകൾ അയച്ചതിൽ 24 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളിൽ 769 വാഹനങ്ങളിലായി എത്തിയ 1273 ആളുകളെ സ്‌ക്രീനിംഗ് വിധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
ജില്ലയിൽ തങ്ങിയിരുന്ന ആറ് ജർമ്മൻകാർ 14 ദിവസത്തെ ക്വാറന്റയിൻ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. നിലവിൽ 68 വിദേശികളാണ് ജില്ലയിലുള്ളത്.
ലോക് ഡൗൺ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് 89 ചരക്ക് വാഹനങ്ങളും കർണാടകയിൽ നിന്നും 38 ചരക്ക് വാഹനങ്ങളും ഗതാഗതം നടത്തുകയുണ്ടായി.
സന്നദ്ധ സേവനത്തിന്
രജിസ്റ്റർ ചെയ്തവർ മാത്രം
സന്നദ്ധ സേവനത്തിന് സന്നദ്ധ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവരെ മാത്രമെ ഇനി മുതൽ രോഗപ്രതിരോധ നടപടികളുമായുള്ള സഹായ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുകയുള്ളു. സംസ്ഥാനതലത്തിലാണ് ഇവരുടെ പട്ടിക തയ്യാറാക്കുക. പത്ത് പേരടങ്ങിയ സംഘത്തെ ഓരോ പഞ്ചായത്തിലും ഒരാഴ്ചത്തേയ്ക്ക് നിയോഗിക്കും. ഒരാഴ്ചത്തെ സേവനം കഴിയുന്നവർ രണ്ടാഴ്ചത്തെ ക്വാറന്റയിനിൽ കഴിയണം. അടുത്ത ഘട്ടത്തിൽ പുതിയ പത്ത് പേരെ നിശ്ചയിക്കുന്നതാണ് പുതിയ സംവിധാനം.
ആളുകൾ പുറത്തിറങ്ങി നടക്കുന്നതിനെതിരെ നടപടി കർശനമാക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വളരെ അത്യാവശ്യത്തിന് മാത്രമെ പുറത്തിറങ്ങാൻ പാടുള്ളു. അങ്ങാടികളിൽ ആളുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് തടയുന്നതിനായി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അവശ്യ സാധനങ്ങൾ ഒന്നോ രണ്ടോ ആഴ്ചത്തേക്ക് വാങ്ങി സൂക്ഷിക്കണം. ചെറിയ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
വീടുകളിൽ കഴിയുന്നവർക്ക് മരുന്നുകളുടെയും മറ്റും ആവശ്യത്തിന് സഹായിക്കാൻ മെഡിക്കൽ വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ആവശ്യങ്ങൾക്ക് 04936 203400 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മുഴുവൻ പഞ്ചായത്തിലും കമ്മ്യൂണിറ്റി കിച്ചൻ
ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങി. ഇന്നലെ സൗജന്യമായി 917 പ്രഭാത ഭക്ഷണവും 2633 ഉച്ചഭക്ഷണവും 1748 രാത്രി ഭക്ഷണവും നൽകി. പാർസലായി പ്രഭാത ഭക്ഷണം 85 ഉം ഉച്ച ഭക്ഷണം 218 ഉം രാത്രി ഭക്ഷണം 118 ഉം നൽകി. 36 പ്രഭാത ഭക്ഷണം, 363 ഉച്ചഭക്ഷണം, 63 രാത്രി ഭക്ഷണം എന്നിങ്ങനെ വീടുകളിലും എത്തിച്ചു.
ചരക്ക് വാഹന പാസ് കൗണ്ടർ തുടങ്ങി
അവശ്യ സാധനങ്ങളുടെ ചരക്ക് നീക്കത്തിനായുള്ള വാഹന പാസുകൾക്ക് തൃശിലേരി, നൂൽപ്പുഴ വില്ലേജ് ഓഫീസുകളിലും കളക്‌ട്രേറ്റിലും കൗണ്ടറുകൾ തുടങ്ങി. കർണാടകയിലേക്ക് ബാവലി ചെക്ക് പോസ്റ്റ് വഴി കടന്നു പോകേണ്ട ചരക്ക് വാഹനങ്ങൾ തൃശിലേരി വില്ലേജ് ഓഫീസിലും കർണാടകയിലേക്ക് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കടന്നു പോകേണ്ട വാഹനങ്ങൾ നൂൽപ്പുഴ വില്ലേജ് ഓഫീസിലും തമിഴ്നാട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ കളക്‌ട്രേറ്റിലെ എൽ.ആർ.ഡെപ്യൂട്ടി കളക്ടറിൽ (എൽ. സെക്ഷൻ) നിന്നുമാണ് പാസ് വാങ്ങേണ്ടത്. വാഹനത്തിന്റെ ഡ്രൈവറും ക്ലീനറും അസൽ തിരിച്ചറിയൽ രേഖയും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകളുമായി അതത് കൗണ്ടറുകളിൽ എത്തി പാസ് വാങ്ങണം.
ട്രൈബൽ വകുപ്പിന്റെ ആവശ്യത്തിന് മൂന്ന് വാഹനങ്ങൾ
ട്രൈബൽ വിഭാഗങ്ങളുടെ ഭക്ഷ്യ, ആശുപത്രി ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ഓരോ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരുടെ കീഴിലും മൂന്ന് വീതം ടാക്സി ജീപ്പുകൾ അനുവദിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വാഹനങ്ങൾ നിശ്ചയിച്ച് ഡ്രൈവർമാരുടെ പേരും ഫോൺ നമ്പറും ജില്ലാ ദുരന്ത നിവാരണ കേന്ദ്രത്തിൽ എത്തിക്കണമെന്ന് ട്രൈബൽ വകുപ്പിന് നിർദ്ദേശം നൽകി.
അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് നടപടി
അതിഥി തൊഴിലാളികളുടെ ക്ഷേമവും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. ഇവർ താമസിക്കുന്ന ഇടങ്ങളിൽ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ പരിധിയിലുളള അതിഥി തൊഴിലാളികളുടെ എണ്ണം തിട്ടപ്പെടുത്തി ഇവരുടെ പേര്, മേൽവിലാസം, തൊഴിലുടമയുടെ പേര്, ഫോൺ നമ്പർ എന്നിവയടങ്ങുന്ന പട്ടിക തയാറാക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കണം. സർക്കാരിന്റെ സംരക്ഷണം ആവശ്യമുളളവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കണം. അതിഥി തൊഴിലാളികൾക്ക് കമ്മ്യൂണിറ്റി കിച്ചൺ മുഖേന ഭക്ഷണം നൽകണം. പഞ്ചായത്തിലെ ആരോഗ്യ വിഭാഗവുമായി സഹകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തണം. താമസസൗകര്യമുളളവരും എന്നാൽ സ്വന്തം ചിലവിൽ ഭക്ഷണ സമഗ്രികൾ വാങ്ങുന്നതിന് കഴിയാത്തവരുമായവർക്ക് ഭക്ഷണ സാമഗ്രികൾ തദ്ദേശ സ്ഥാപനങ്ങൾ നൽകണം. ഓരോ അതിഥി തൊഴിലാളിക്കും 15 ദിവസത്തേക്ക് 3 കിലോ അരി, അര കിലോ പരിപ്പ്, 200 ഗ്രാം ഓയിൽ, 2 കിലോ കിഴങ്ങ്, 100 ഗ്രാം മല്ലിപ്പൊടി, 100 ഗ്രാം മുളക് പൊടി, 250 ഗ്രാം പച്ചമുളക് എന്നിവ ഉൾപ്പെടുന്ന കിറ്റ് തയ്യാറാക്കണം. കിറ്റുകൾ തയ്യാറാക്കുന്നതിനായി തദ്ദേശ സ്ഥാപന തലത്തിൽ വോളണ്ടിയർമാരുടെ സേവനം ഉപയോഗപ്പെടുത്താം. കമ്മ്യൂണിറ്റി കിച്ചൺവഴി ഭക്ഷണം വിതരണം ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുളള വോളണ്ടിയർമാരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്താം. വോളണ്ടിയർമാരുടെ എണ്ണം അഞ്ചിൽ കൂടാൻ പാടില്ല. കിറ്റുകളുടെ വിതരണം വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നിർവഹിക്കണം.
12 കടകൾക്കെതിരെ നടപടി
കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ പൂഴ്ത്തിവെയ്പ്, അമിതവില തടയുന്നതിനായി രൂപീകരിച്ച വിവിധ വകുപ്പുകൾ ചേർന്ന് രൂപീകരിച്ച ജില്ലാ സമിതി ജില്ലയിലെ മൂന്ന് താലൂക്കിലും പരിശോധന നടത്തി. ജില്ലയിൽ 43 കടകളിൽ പരിശോധന നടത്തിയതിൽ 12 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി നടപടി സ്വീകരിച്ചു. ബത്തേരി താലൂക്കിൽ വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത 8 കടക്കാർക്ക് നോട്ടീസ് നൽകി. മാനന്തവാടി താലൂക്കിലെ പരിശോധനകളിൽ കണ്ടെത്തിയ 4 ക്രമക്കേടുകളിന്മേൽ 10,000 രൂപ പിഴ ഈടാക്കി. വൈത്തിരി താലൂക്കിൽ 4 കടകളിൽ പരിശോധന നടത്തി. അമിതവില ഈടാക്കുന്നവർക്കും പൂഴ്ത്തിവെയ്പ് നടത്തുന്നവർക്കും എതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ റഷീദ് മുത്തുക്കണ്ടി അറിയിച്ചു. പരാതിപ്പെടേണ്ട നമ്പർ ജില്ലാ സപ്ലൈ ഓഫീസർ 9188527326, വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസർ 9188527405, ബത്തേരി 9188527407, മാനന്തവാടി 9188527406.