കോഴിക്കോട്: അവശ്യവസ്തുക്കൾക്ക് അമിതവില ഈടാക്കിയ വ്യാപാരികൾക്ക് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നടപടി നോട്ടീസ് നൽകി.
പുല്ലാളൂർ, കുരുവട്ടൂർ, പാലത്ത്, കുമാരസ്വാമി, ചെറുകുളം പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ എൻ.കെ.ശ്രീജയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വില്പനവില പ്രദർശിപ്പിക്കാത്തവർക്കും അമിതവില ഈടാക്കിയവർക്കുമെതിരെയാണ് നടപടി.
താരതമ്യേന കൂടുതൽ വില ഈടാക്കുന്നതായി കണ്ടെത്തിയ വ്യാപാരികളോട് വില കുറയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുക്കിയ നിരക്ക് വിലവിവര പട്ടികയിൽ രേഖപ്പെടുത്തുകയും ചെയ്തു. പരിശോധനയിൽ റേഷനിംഗ് ഇൻസ്‌പെക്ടർമാരായ കെ.ബാലകൃഷ്ണൻ, കെ.ബി.സരിത എന്നിവരും പങ്കെടുത്തു.
മൂഴിക്കൽ, വേങ്ങേരി, തടമ്പാട്ടുതാഴം, ചെലവൂർ എന്നിവിടങ്ങളിലെ മുപ്പതിലേറെ കടകളിലും പരിശോധന നടത്തി. ക്രമക്കേടുകൾ കാണിച്ച വ്യാപാരികൾക്കെതിരെ അവശ്യസാധന നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് നോട്ടീസ് നൽകി.
ചില്ലറ വ്യാപാരികൾ മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്നു വാങ്ങുന്ന സാധനങ്ങളുടെ ബില്ല് കൃത്യമായി സൂക്ഷിച്ചിരിക്കണം. പരിശോധനാ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാക്കുകയും വേണം. പരിശോധനയ്ക്ക് റേഷനിംഗ് ഓഫീസർമാർ നേതൃത്വം നൽകി.