വടകര: ലോക്ക് ഡൗണും നിരോധനാജ്ഞയും കൂടുതൽ കാര്യക്ഷമമാക്കാൻ ഡ്രോൺ കാമറകളുമായി കോഴിക്കോട് റൂറൽ പൊലീസിന്റെ നിരീക്ഷണം. ആളുകൾ കൂട്ടം കൂടുന്നത് നിരീക്ഷിക്കാനും വ്യാജവാറ്റുകേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും മറ്റുമായാണിത്. 500 മീറ്റർ വരെ ഉയരത്തിലെത്തുന്ന ഡ്രോൺ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ദൃശ്യങ്ങൾ പകർത്തുന്നുണ്ട്.
റൂറൽ എസ്.പി ഡോ.എ.ശ്രീനിവാസിന്റെ നിർദ്ദേശപ്രകാരം വടകര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇപ്പോൾ ഡ്രോൺ നിരീക്ഷണം. പേരാമ്പ്ര സ്വദേശികളായ ബിനു, അർജുൻ എന്നിവരാണ് ഓപ്പറേറ്റർമാർ. വടകര എസ്.എച്ച്.ഒ പി.എസ്.ഹരീഷ്, എസ്.എെമാരായ ഷറഫുദീൻ, സന്തോഷ് മോൻ, ഫറോസ്, പി.ആർ.ഒ സുനിൽകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ സജിത്ത് എന്നിവർ നിരീക്ഷണ സംഘത്തിലുണ്ട്.