labours

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ സാംബശിവ റാവു ഉത്തരവിട്ടു. ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പിന് വാർഡ് മെമ്പർ ചെയർമാനും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥൻ കൺവീനറും വില്ലേജ് ഓഫീസർ /സ്‌പെഷ്യൽ വില്ലേജ് ഓഫീസർ അംഗവുമായി ക്യാമ്പ് മാനേജ്‌മെന്റ് കമ്മിറ്റിയെയും നിയോഗിച്ചു. തദ്ദേശ സ്വയംഭരണ സെക്രട്ടറി നോഡൽ ഓഫീസറായിരിക്കും.

വീഴ്ച വരുത്തരുത്

തൊഴിലുടമകൾ

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും സുരക്ഷതത്വവും ഉറപ്പാക്കുന്നതിൽ തൊഴിലുടമകൾ വീഴ്ച വരുത്തുന്നതായി ശ്രദ്ധയിൽ പെട്ട പശ്ചാത്തലത്തിലാണ് നടപടി.

തൊഴിലാളികൾ നിലവിൽ ഏതു തൊഴിലുടമയുടെ കീഴിലാണോ ജോലിചെയ്യുന്നത് അവിടെ തന്നെ തുടരുന്നുണ്ടെന്ന് കമ്മിറ്റി ഉറപ്പാക്കണം. തൊഴിലാളികൾക്കുള്ള ഭക്ഷണം തൊഴിലുടമ തന്നെ എത്തിച്ചുനൽകാൻ ശ്രമിക്കണം. ഏതെങ്കിലും സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കാതെ വന്നാൽ അത് ഉറപ്പുവരുത്തേണ്ടത് ക്യാമ്പ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചുമതലയാണ്. ഇത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ മേധാവിയും സെക്രട്ടറിയും ഉറപ്പുവരുത്തണം. ഇതിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ സിവിൽ സപ്ലൈസ് ഔട്ട് ലെറ്റുകളിൽ നിന്നും മാവേലി സ്റ്റേറുകളിൽ നിന്നും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ ഇൻഡന്റ് മുഖേന വാങ്ങണം. ഇവിടങ്ങളിൽ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ പൊതുമാർക്കറ്റിൽ നിന്നും വാങ്ങാം. സിവിൽ സപ്ലൈസ് കോഴിക്കോട് റീജിണൽ മാനേജർ ഭക്ഷ്യവസ്തുക്കൾ/അവശ്യവസ്തുക്കൾ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് നൽകിയിരിക്കണം. ബില്ലുകൾ ജില്ലാ കളക്ടർക്ക് കൈമാറണം. തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാനും ഇതേ മാർഗം സ്വീകരിക്കാമെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.

താമസസ്ഥലങ്ങളിലെ ഭൗതികസാഹചര്യങ്ങൾ പരിതാപകരമെന്ന് കമ്മിറ്റിയ്ക്ക് തോന്നുന്നപക്ഷം സൗകര്യപ്രദമായ സ്‌കൂളുകളിലേക്ക് മാറ്റാം. അംഗങ്ങൾ കൂടുതലുള്ള ക്യാമ്പുകളിലേക്ക് ജില്ലാ പൊലീസിനെ നിയോഗിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല ജില്ലാ ലേബർ ഓഫീസർക്കായിരിക്കും.