corona-

കോഴിക്കോട്: ജില്ലയ്ക്ക് ആശ്വാസമായി ഇന്നലെയും പുതിയ കൊറോണ കേസ് ഇല്ല. ഇതുവരെ 20,135 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ കൊറോണ ട്രാക്കർ വെബ് പോർട്ടലിനെ അടിസ്ഥാനമാക്കിയാണ് പുതിയ കണക്ക്. ഇന്നലെ പുതുതായി വന്ന മൂന്നുപേർ ഉൾപ്പെടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 22 പേരാണ് ആകെ ആശുപത്രി നിരീക്ഷണത്തിലുള്ളത്.

246 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ ഫലം വന്ന 240 എണ്ണത്തിൽ 231 നെഗറ്റീവാണ്. 9 പോസിറ്റീവ് കേസുകളിൽ ആറ് കോഴിക്കോട് സ്വദേശികളും മൂന്ന് ഇതര ജില്ലക്കാരുമാണ്. നേരത്തെ അയച്ചതിൽ 6 പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. ഇന്നലെ മൂന്ന് സ്രവ സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കൊറോണ ജാഗ്രത പോർട്ടൽ വഴി രോഗ ലക്ഷണങ്ങളുള്ളവർക്ക് ടെലി മെഡിസിൻ സംവിധാനം ബ്ലോക്ക് തലത്തിൽ സജ്ജമാക്കിയതായി ഡി.എം.ഒ അറിയിച്ചു. ഇതിനായി ഓരോ ബ്ലോക്കിലും ഓരോ ഫിസിഷ്യൻ/മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തുകയും ജില്ലാ കളക്ടർ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. മാനസിക സംഘർഷം കുറയ്ക്കാനായി ജില്ലാ മാനസികാരോഗ്യപദ്ധതിയുടെ കീഴിൽ മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 31 പേർക്ക് കൗൺസലിംഗ് നൽകി. കൂടാതെ 14 പേർ ഫോണിലൂടെ സേവനം തേടി. ബീച്ച് ആശുപത്രിയിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നൽകുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ യോഗം ചേർന്നു. ഡി.എം.ഒ ഡോ. വി. ജയശ്രീ, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലയിലെ കൺട്രോൾ റൂം ജീവനക്കാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ജില്ലാ സർവൈലൻസ് ഓഫീസർ പങ്കെടുത്തു.