കോഴിക്കോട്: വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ തത്സമയ രോഗ നിരീക്ഷണത്തിനും പരിപാലനത്തിനുമുള്ള ഓൺലൈൻ സംവിധാനം നിലവിൽ വന്നു. ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച കൊറോണ ജാഗ്രത വെബ് ആപ്ലിക്കേഷനിലെ നിരീക്ഷണ ഡാഷ്‌ബോർഡ് വഴിയാണിത്.
വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ദൈനംദിന ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ വാർഡ് ദ്രുതകർമ്മ സേനകൾ (ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ, ആശ) ഇതിൽ രേഖപ്പെടുത്തും. ജില്ലാ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിലെ മെഡിക്കൽ കൺട്രോൾ റൂമിലുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ തത്സമയം നിരീക്ഷിച്ച് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാം.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് വിവരങ്ങൾ മനസിലാക്കും. വൈദ്യ സഹായം ആവശ്യമുള്ളവരെ വേഗത്തിൽ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.