വടകര: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ദേശസാൽകൃത ബാങ്കുകൾ വഴി വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവർക്ക് പെൻഷൻ വീട്ടിലെത്തിക്കാനുള്ള സംവിധാനം അഴിയൂർ പഞ്ചായത്ത് ഒരുക്കി. എസ്.ബി.ഐ- 762 , സെൻട്രൽ ബാങ്ക്- 313 ഗുണഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭിക്കുക. പെൻഷൻ വാങ്ങിക്കുന്നതിൽ കൂടുതലും 60 വയസ്സ് കഴിഞ്ഞവരായതിനാലാണ് ബാങ്കുകളുടെ സഹകരണത്തോടെ പണം വീടുകളിൽ എത്തിക്കുന്നത്. പെൻഷൻ വാങ്ങുന്നവരുടെ പട്ടിക വാർഡ് തലത്തിൽ തയ്യാറാക്കും. വാർഡ് തല ദ്രുത കർമ്മ സേനാംഗങ്ങളുടെ സഹായത്തോടെ ബാങ്കിൽ നിന്ന് നൽകുന്ന സ്ലിപ്പ് ഗുണഭോക്താക്കളെ കൊണ്ട് ഒപ്പിടുവിച്ച് വാർഡ് മെമ്പർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമാണ് തുക ബാങ്കിൽ നിന്ന് ലഭിക്കുക. പണം ഗുണഭോക്തവിന് ലഭിച്ചുവെന്ന് വാർഡ് മെമ്പർ ഉറപ്പ് വരുത്തുകയും വേണം. ഇതുസംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ, സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, സ്റ്റേറ്റ് ബാങ്ക് മാനേജർ സ്യമക്ക് റാം, സെൻട്രൽ ബാങ്ക് മാനേജർ ശ്രീക്കുട്ടൻ എന്നിവർ ധാരണയായി.