കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ രണ്ട് പേരുടെ ഫലങ്ങളാണ് പൊസിറ്റീവായത്. ഇതോടെ ജില്ലയിൽ കൊറോണ പൊസിറ്റീവായവരുടെ എണ്ണം മൂന്നായി.

കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് സ്വദേശിക്കും മൂപ്പൈനാട് പഞ്ചായത്തിലെ നെടുങ്കരണ സ്വദേശിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂപ്പൈനാട് സ്വദേശി ഇക്കഴിഞ്ഞ 21ന് രാത്രി 9.55ന് ഇ.കെ 568 ഫ്‌ളൈറ്റിലെ ബി 47 സീറ്റിൽ ബംഗളുരുവിലേക്കും അവിടെ നിന്ന് എയർപോർട്ട് ബസിൽ ബംഗളുരുവിലെ ആകാശ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമായി. പിന്നീട് അതേ ബസിൽ തന്നെ എയർപോർട്ടിലെത്തി 22ന് രാവിലെ 11.15ന് 6ഇ 7129 നമ്പർ ഫ്‌ളൈറ്റിലെ 10സി സീറ്റിൽ കരിപ്പൂർ എയർപോർട്ടിലെത്തി. ഇവിടെ നിന്ന് പരിശോധനകൾക്ക് ശേഷം സ്വന്തം കാറിൽ വീട്ടിലേക്ക് തിരിച്ചു. വഴിയിൽ എവിടെയും ഇറങ്ങിയില്ല. 2.35ന് വീട്ടിലെത്തി. വീട്ടിൽ ഉമ്മയൊഴികെ മറ്റെല്ലാവരെയും അവിടെ നിന്നു മാറ്റിയിരുന്നു. അവിടെ ക്വാറന്റൈനിൽ കഴിയുന്നതിനിടെ 26ന് ആംബുലൻസിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തി. പരിശോധനയ്ക്ക് ശേഷം വീണ്ടും ആംബുലൻസിൽ വീട്ടിലേക്ക്. പൊസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ ഇന്നെ വൈകീട്ട് അഞ്ചോടെ അവിടെ നിന്ന് ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നാട്ടിൽ മാതാവുമായി മാത്രമാണ് ഇയാൾക്ക് നേരിയ തോതിലുള്ള സാമീപ്യം ഉണ്ടായിരുന്നത്.

കമ്പളക്കാട് സ്വദേശിയായ മധ്യവയസ്‌കൻ അബൂദാബിയിൽ നിന്ന് ഐ.എക്സ് 716 നമ്പർ വിമാനത്തിൽ മാർച്ച് 16നാണ് കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറക്കൽ കടുത്ത വെല്ലുവിളിയാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. മാർച്ച് 26നാണ് ജില്ലയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. മാർച്ച് 22ന് രാവിലെ 9ന് ഇ.വൈ 254 വിമാനത്തിൽ കരിപ്പൂരിൽ എത്തിയ ഇദ്ദേഹം എയർപ്പോർട്ടിൽ നിന്ന് ടാക്സി വിളിച്ച് നേരെ വീട്ടിലെത്തുകയായിരുന്നു. സമ്പർക്കത്തിലേർപ്പെട്ട ടാക്സി ഡ്രൈവർ, ആബുലൻസ് ഡ്രൈവർ, ബന്ധു എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

മാർച്ച് 23നായിരുന്നു ഇദ്ദേഹത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ 1174പേർ കൂടി നിരീക്ഷണത്തിലായി.