coconut-oil-

കോഴിക്കോട്: അടുക്കളയിലെ സ്ഥിര സാന്നിദ്ധ്യമായ വെളിച്ചെണ്ണയ്ക്കും നാളികേരത്തിനും ക്ഷാമം നേരിട്ടു തുടങ്ങി. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വാഹന സർവീസ് നിർത്തിയതോടെയാണ് വെളിച്ചെണ്ണ ലഭ്യത കുറഞ്ഞത്. തമിഴ്‌നാട്, കർണ്ണാടക, ബംഗാൾ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ വെളിച്ചെണ്ണ ഇറക്കുമതി ചെയ്തിരുന്നത്. പ്രതിദിനം 60 ലോറികളാണ് വെളിച്ചെണ്ണയുമായി കേരളത്തിലേക്ക് എത്തിയിരുന്നത്. മറുനാടൻ വെളിച്ചെണ്ണ കുറഞ്ഞ വിലക്ക് എത്തിയതും കേരളത്തിൽ നാളികേര ഉത്പാദനം കുറഞ്ഞതും ഇവിടുത്തെ പല ചെറുകിട മില്ലുകളെയും വിസ്മൃതിയിലാക്കിയിരുന്നു. ഇറക്കുമതിയും ഉത്പാദനവും ഇല്ലാതായതോടെ കനത്ത ക്ഷാമമാണ് വെളിച്ചെണ്ണയ്ക്ക്. ലോക്ക് ഡൗൺ ആയതോടെ നാളികേര സംഭരണവും നിലച്ചു.

@ ഉത്പാദന ചെലവ് കൂടുതൽ

100 കിലോ കൊപ്രയിൽ നിന്ന് 70 ലിറ്റർ വെളിച്ചെണ്ണയാണ് ലഭിക്കുക. റീട്ടെയിൽ മാർക്കറ്റിൽ ജി.എസ്.ടി ഉൾപ്പെടെ ലിറ്ററിന് 200 രൂപക്ക് മുകളിൽ ലഭിച്ചാൽ മാത്രമേ കേരളത്തിൽ വ്യവസായം നടത്താൻ സാധിക്കുകയുള്ളൂ. എന്നാൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് 125 രൂപ മുതൽ വെളിച്ചെണ്ണ കിട്ടാൻ തുടങ്ങിയതോടെ കേരളത്തിലെ വെളിച്ചെണ്ണക്ക് ആവശ്യക്കാർ കുറഞ്ഞു. സംസ്ഥാനത്തെ 1300 മില്ലുകളിൽ പകുതിയോളം അടച്ചു പൂട്ടി.

@ നാളികേരവും ലഭ്യമല്ല

കൊറോണയുടെ പശ്ചാത്തലത്തിൽ നാളികേര സംഭരണം നിലച്ചതോടെ കേരം തിങ്ങും കേരള നാട്ടിൽ നാളികേരം കിട്ടാക്കനിയാവുകയാണ്. വീട്ടുപറമ്പിലെ തെങ്ങിൽ നിന്ന് നാളികേരം ഇടാൻ ആളെ കിട്ടാത്തത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. തെങ്ങ് കയറ്റ തൊഴിലാളികളുടെ എണ്ണം കുറവിന് പുറമെ ലോക്ക് ഡൗണും ആയതോടെ തേങ്ങയിടൽ നിലച്ചിരിക്കുകയാണ്.