കോഴിക്കോട്: അവശ്യസാധനങ്ങൾ ലഭിക്കുന്നതിനും കൊറോണയുടെ മറവിൽ സൃഷ്ടിക്കുന്ന വിലക്കയറ്റം ഒഴിവാക്കുന്നതിനുമുള്ള നടപടികൾ ഫലം കാണുന്നു. മൊത്തവിപണിയിൽ പല സാധനങ്ങൾക്കും വില കുറഞ്ഞെങ്കിലും ചില്ലറ വിപണിയിൽ ഇത് പ്രതിഫലിക്കുന്നില്ല.
വിലക്കയറ്റം തടയാൻ വിപണിയിൽ ജില്ലാ ഭരണകൂടവും കോർപറേഷനും നിരന്തരം ഇടപെട്ടിരുന്നു. ഇതിന്റെ ഫലമായി പല നിത്യോപയോഗ സാധനങ്ങൾക്കും വില കുറഞ്ഞു. വലിയ ഉള്ളി, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയ്ക്കെല്ലാം മൊത്ത വിപണിയിൽ വില കുറഞ്ഞു. സംസ്ഥാന അതിർത്തികളിൽ തടഞ്ഞുവെച്ച ചരക്ക് വാഹനങ്ങളെത്തിയതും വിലക്കുറവിന് കാരണമായി. ഉള്ളി, പഞ്ചസാര, മല്ലി തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ കോഴിക്കോട്ടെത്തി.
ഉള്ളിയുടെ വിലയിലാണ് വലിയ വില വർദ്ധവുണ്ടായിരുന്നത്. 40 രൂപവരെ എത്തിയ വലിയ ഉള്ളിയുടെ വില 28 ആയി. 110 വരെയെത്തിയ ചെറിയ ഉള്ളിക്ക് 70 മുതൽ 80 രൂപ വരെയായി. മല്ലി 85ൽ നിന്ന് 75ലേക്ക് കുറഞ്ഞു. 15 ടൺ പഞ്ചസാരയും കോഴിക്കോട് വലിയങ്ങാടിയിലെത്തി.
പരിശോധന ശക്തം
ശക്തമായ പരിശോധനയാണ് മാർക്കറ്റുകളിൽ നടക്കുന്നത്. പൂഴ്‌ത്തിവെയ്‌പും കൃത്രിമ വിലക്കയറ്റവും തടയാൻ ജില്ല ഭരണകൂടവും കോർപറേഷനും ശക്തമായി ഇടപെടുന്നുണ്ട്.
കൊള്ളയടിക്കുന്ന ചില്ലറ വിപണി
നിരവധി നടപടികളെടുത്തിട്ടും ചില്ലറ വിപണിയിൽ അവശ്യസാധനങ്ങളുടെ വില ഉയരുന്നത് ജനങ്ങളെ ആശങ്കയിലാക്കുകയാണ്. പല സ്ഥലത്തും സാധനങ്ങളും ലഭിക്കുന്നില്ല. യാത്രകൾക്ക് നിയന്ത്രണമുള്ളതിനാൽ ഉപഭോക്താക്കൾക്ക് വലിയ മാർക്കറ്റുകളിലേക്ക് പോകാൻ സാധിക്കുകയില്ല. ഇതുകാരണം ചില്ലറ കച്ചവട കേന്ദ്രങ്ങളാണ് ഇവർക്കാശ്വാസമാകുന്നത്. എന്നാൽ ഇവിടെ വില കുറയാത്തത് വൻ തിരിച്ചടിയാണ്. എന്നിട്ടും കാര്യമായ ഇടപെടൽ നടത്താൻ അധികൃതർക്ക് സാധിക്കുന്നില്ല.