stethoscope

കോഴിക്കോട്: ലോക്ക് ഡൗൺ പ്രതിസന്ധി മറികടക്കാൻ രോഗികൾക്ക് ടെലി മെഡിസിൻ സംവിധാനം ഒരുക്കാൻ ഐ.എം.എ. നഗരത്തിലെ ആശുപത്രികൾ, ഡോക്ടർമാർ എന്നിവരെ ഉൾപ്പെടുത്തിയായിരിക്കും സേവനം. സ്വകാര്യ മേഖലയിലെ ഡോക്ടർമാരുൾപ്പെടെ സൗജന്യ ടെലി സേവനം നൽകിയാൽ രോഗികളുടെ അനാവശ്യ ആശുപത്രി സന്ദർശനം തടയാൻ കഴിയുമെന്നാണ് ഐ.എം.എയുടെ വിലയിരുത്തൽ. സ്വയം ചികിത്സയും മൊബൈൽ ആപ്പുകളിലൂടെ ഏതെങ്കിലും ഡോക്ടർമാർ ചികിത്സിക്കുന്നതും ദൂഷ്യഫലങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ടെന്ന് ഐ.എം.എ സെക്രട്ടറി ഡോ. വേണുഗോപാലൻ പറഞ്ഞു.

രോഗികൾ സ്ഥിരമായി ചികിത്സ തേടുന്ന ആശുപത്രികളെയും ഡോക്ടമാരെയും ബന്ധപ്പെടുന്നതാണ് ഉത്തമമെന്നും എല്ലാ ഐ.എം.എ അംഗങ്ങളും ഉദ്യമത്തിന് പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയുടെ അടുത്ത ഘട്ടങ്ങളിൽ ഇടത്തരം ആശുപത്രികളിലെ ഡോക്ടർമാർക്ക് ട്രെയിനിംഗ് കൊടുക്കുവാനും ചെറുകിട ആശുപത്രികൾക്ക് വെന്റിലേറ്റർ ചികിത്സാ സൗകര്യം, തീവ്രപരിചരണം എന്നിവ ഒരുക്കാൻ മുഴുവൻ സമയ വിദഗ്ദ്ധ ഉപദേശക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.