15 കോവിഡ് കെയർ സെന്ററുകളിലായി 169 ആളുകൾ

1570 പേർക്ക് കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം

കർണാടകയിലേക്കും തിരിച്ചും 108 ചരക്കുവാഹനങ്ങൾ

കൽപ്പറ്റ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 605 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 8511 ആയി.

ചൊവ്വാഴ്ച്ച 13 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതായി. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള പറഞ്ഞു. ഇതുവരെ അയച്ച 102 സാമ്പിളുകളിൽ 74 എണ്ണത്തിന്റെ ഫലം ലഭിച്ചു. 35 എണ്ണത്തിന്റെ ഫലം ലഭിക്കുവാനുണ്ട്.

ജില്ലയിലെ 15 കോവിഡ് കെയർ സെന്ററുകളിലായി 169 ആളുകൾ താമസിക്കുന്നുണ്ട്.അവശ്യ ഘട്ടത്തിൽ ഉപയോഗിക്കാനായി 135 സ്ഥാപനങ്ങൾകൂടി കണ്ടെത്തിയിട്ടുണ്ട്. 1960 മുറികൾ ഇവിടെ ഒരുക്കാനാകും. എസ്.ടി വിഭാഗക്കാർക്കായി പ്രത്യേകം സജ്ജീകരണവുമുണ്ട്.

ജില്ലയിൽ ആകെ 3679 അന്യസംസ്ഥാന തൊഴിലാളികളാണുളളത്. 1570 പേർക്ക് കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകി. 26 തദ്ദേശ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങി.

ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 1278 വാഹനങ്ങളിലായി എത്തിയ 1954 ആളുകളെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

വയനാട്ടിൽ നിന്ന് കർണാടകയിലേക്ക് 77 ചരക്ക് വാഹനങ്ങളും കർണാടകയിൽ നിന്ന് ജില്ലയിലേക്ക് 31 ചരക്ക് വാഹനങ്ങളും ഗതാഗതം നടത്തി.

മെഡിക്കൽ ഷോപ്പ് സമയം
രാവിലെ 8 മുതൽ 5 വരെ
കൽപ്പറ്റ: ജില്ലയിലെ മെഡിക്കൽ ഷോപ്പുകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ വൈകീട്ട് 5 വരെയായി ക്രമീകരിക്കാൻ കളക്‌ട്രേറ്റിൽ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ ഷോപ്പ് ഉടമകളുടെ യോഗത്തിൽ തീരുമാനിച്ചു.

ഓരോ ടൗണിലും ഒരു മെഡിക്കൽ ഷോപ്പ് രാത്രി 8 വരെ പ്രവർത്തിക്കും. ഏത് ഷോപ്പാണ് ഇങ്ങനെ പ്രവർത്തിക്കേണ്ടതെന്ന കാര്യം ഷോപ്പുടമകളുടെ സംഘടന തീരുമാനിക്കും. നല്ലൂർനാട് കാൻസർ സെന്ററിലെത്തുന്ന രോഗികൾക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യാൻ നാലാം മൈലിൽ പ്രവർത്തിക്കുന്ന ഫാർമസിയെ ചുമലതലപ്പെടുത്തി.

മരുന്നുകളുടെ വിതരണത്തിന് നിയോഗിക്കുന്ന വാഹനങ്ങൾക്കും ഡ്രൈവർമാർക്കും കയറ്റിറക്ക് തൊഴിലാളികൾക്കും പാസ് അനുവദിക്കും. മെഡിക്കൽ ഷോപ്പിലെ 3 വീതം ജീവനക്കാർക്കും പാസ് അനുവദിക്കും.

മറ്റ് ജില്ലകളിൽ നിന്ന് മരുന്നുകളുമായി വരുന്ന വാഹനങ്ങൾക്ക് ജില്ലയിലേക്കുളള പ്രവേശനത്തിൽ ഇളവുണ്ടാകും. ഷോപ്പുകളിൽ എത്തുന്നവർ അകലം പാലിക്കുന്നതിന് സംവിധാനമൊരുക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. മരുന്നുകൾ വീടുകളിൽ എത്തിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ സന്നദ്ധ വളണ്ടിയർമാരെ ഇതിനായി നിയോഗിക്കും.

ജില്ലാ കളക്ടർ കോളനി സന്ദർശിച്ചു
കൽപ്പറ്റ: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ പട്ടിക വർഗ കോളനികളിലെ സ്ഥിതിഗതികൾ വിലയിരുന്നതിനായി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള അമ്പുകുത്തി ലക്ഷം വീട് കോളനി സന്ദർശിച്ചു. കോളനിയിലെത്തിയ കളക്ടർ ഭക്ഷ്യലഭ്യത, ആരോഗ്യസ്ഥിതി തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ചു. കോളനിയിലേക്ക് അരിയുൾപ്പെടെയുളള സാധനസാമഗ്രികൾ എത്തിക്കുന്നതിന് ആശാ വർക്കർമാർക്ക് നിർദ്ദേശം നൽകി.

മൊബൈൽ എ.ടി.എം സേവനം

കൽപ്പറ്റ: കൊറോണയുടെ പശ്ചാത്തലത്തിൽ പണലഭ്യത ഉറപ്പാക്കാൻ കനറാ ബാങ്ക് മൊബൈൽ എ.ടി.എം സൗകര്യമൊരുക്കി. ഓരോ ദിവസവും നാല് വ്യത്യസ്ത കേന്ദ്രങ്ങളിലെത്തി സേവനം നൽകുന്ന തരത്തിലാണ് മൊബൈൽ എ.ടി.എമ്മിന്റെ പ്രവർത്തനം. ഏപ്രിൽ 5 വരെ മൊബൈൽ എ.ടി.എം സമയം ഇപ്രകാരമാണ്:

ഏപ്രിൽ 1: രാവിലെ 10.30 മുതൽ 12.30 വരെ ചുണ്ടേൽ, ഉച്ചയ്ക്ക് 1 മുതൽ 2.30 വരെ ആറാം മൈൽ, വൈകുന്നേരം 3 മുതൽ 4 വരെ പൊഴുതന, 4 മുതൽ 5 വരെ അച്ചൂർ ഏസ്റ്റേറ്റ്.
ഏപ്രിൽ 2: രാവിലെ 10.30 മുതൽ 12.30 വരെ നടവയൽ, ഉച്ചയ്ക്ക് 1 മുതൽ 2.30 വരെ കരണി, വൈകുന്നേരം 3 മുതൽ 4 വരെ കാര്യമ്പാടി, 4 മുതൽ 5 വരെ കൊളവയൽ.
ഏപ്രിൽ 3: രാവിലെ 10.30 മുതൽ 12.30 വരെ കാക്കവയൽ, ഉച്ചയ്ക്ക് 1 മുതൽ 2.30 വരെ വാഴവറ്റ, വൈകുന്നേരം 3 മുതൽ 4 വരെ കാരാപ്പുഴ, 4 മുതൽ 5 വരെ അമ്പലവയൽ.
ഏപ്രിൽ 4: രാവിലെ 10.30 മുതൽ 12.30 വരെ കമ്പളക്കാട്, ഉച്ചയ്ക്ക് 1 മുതൽ 2.30 വരെ പളളിക്കുന്ന്, വൈകുന്നേരം 3 മുതൽ 4 വരെ വെണ്ണിയോട്, 4 മുതൽ 5 വരെ കോട്ടത്തറ.
ഏപ്രിൽ 5: രാവിലെ 10.30 മുതൽ 12.30 വരെ വെങ്ങപ്പള്ളി, ഉച്ചയ്ക്ക് 1 മുതൽ 2.30 വരെ പിണങ്ങോട്, വൈകുന്നേരം 3 മുതൽ 4 വരെ കാവുമന്ദം, 4 മുതൽ 5 വരെ ചെന്നലോട്.

വോളണ്ടിയർമാരുടെ മാർഗ്ഗനിർദ്ദേശമായി

കൽപ്പറ്റ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയോഗിച്ച വോളണ്ടിയർമാരുടെ പ്രവർത്തനം സംബന്ധിച്ച് ജില്ലാ ഭരണകൂടം മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് സന്നദ്ധം പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത വോളണ്ടിയർമാരെ മാത്രമേ പ്രവർത്തനങ്ങൾക്കായി നിയോഗികയുളളു.

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഒരു ദിവസം പരമാവധി 10 വോളണ്ടിയർമാരെ വീതമാണ് ഒരാഴ്ചക്കാലയളവിലേക്ക് നിയോഗിക്കുക. നിയമിക്കപ്പെടുന്ന വോളണ്ടിയർമാർക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കാലാവധി രേഖപ്പെടുത്തിയ പാസുകൾ നൽകും. ഏഴാമത്തെ ദിവസം വോളണ്ടിയർമാരുടെ പാസുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരികെ വാങ്ങി റദ്ദ് ചെയ്യണം. തുടർന്ന് ആരോഗ്യ വകുപ്പിന് ഇവരുടെ ലിസ്റ്റ് കൈമാറും.
തുടർച്ചയായി ഏഴ് ദിവസമാണ് വോളണ്ടിയർമാർ ഡ്യൂട്ടിക്ക് ഹാജരാകേണ്ടത്. തുടർന്നുള്ള 14 ദിവസം ഇവർ നിരീക്ഷണത്തിൽ പ്രവേശിക്കണം. സേവനത്തിനിടെ വോളണ്ടിയർമാർ സാമൂഹിക അകലം പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണം, മരുന്ന് തുടങ്ങിയവ ലഭിക്കാതെ കഷ്ടപ്പെടുന്നവർക്ക് ഇവ എത്തിച്ച് നൽകുന്നതിനാണ് പ്രധാനമായും വോളണ്ടിയർമാരെ നിയോഗിച്ചിരിക്കുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേകം നോഡൽ ഓഫീസറെയും നിയോഗിച്ചിട്ടുണ്ട്.