കൽപ്പറ്റ: ലോക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് കർണാടകയിൽ കുടുങ്ങിയത് ആയിരക്കണക്കിന് കർഷകർ. എച്ച് ഡി കോട്ട, നഞ്ചൻഗോഡ്, ഗുണ്ടൽപേട്ട താലൂക്കുകളിലാണ് ജില്ലയിൽ നിന്നുള്ള കർഷകർ പുറത്തിറങ്ങാൻപോലുമാകാതെ ഷെഡ്ഡുകളിൽ കഴിയുന്നത്.

വാഴകൃഷിയും, ഇഞ്ചികൃഷിയുമാണ് ഇവിടങ്ങളിൽ കർഷകർ കൂടുതലായും ചെയ്തുവന്നിരുന്നത്. പഴുത്തുതുടങ്ങിയ അവസ്ഥയിലാണ് വാഴക്കുലകൾ. മാർക്കറ്റ് അടച്ചിട്ടതോടെ ഇത് വിൽക്കാനാവാത്ത സ്ഥിതിയായി.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മതിയായ ഭക്ഷണവും, വെള്ളവുമടക്കം പല കർഷകരുടെയും ഷെഡ്ഡുകളിൽ ലഭിക്കുന്നില്ല. പുറത്തിറങ്ങിയാൽ കർശന നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മറ്റു മാർഗമില്ലാതെയാണ് പല കർഷകരും ഇവിടെ തുടരുന്നത്.

മൂന്ന് താലൂക്കുകളിലായി കിടക്കുന്ന ബീച്ചനഹള്ളി, മാടനഹള്ളി, ഏനള്ളി, ഉള്ളള്ളി, സർഗൂർ, കൊള്ളേചാൽ പ്രദേശങ്ങളിലാണ് കൂടുതലായും വയനാട്ടിലെ കർഷകർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരുന്നത്.

ജില്ലയിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് കർണാടകയിൽ കുടുങ്ങിക്കിടക്കുന്നത്. വാഴകൃഷിയിൽ നല്ല വിളവുണ്ടായിട്ടും വിൽക്കാനാവാത്തതോടെ കടുത്ത പ്രതിസന്ധിയിലാണ് കർഷകർ.

ശരാശരി 18 കിലോ വരെ തൂക്കമുള്ളതാണ് ഒരു നേന്ത്രകുല. ഇഞ്ചി, പച്ചക്കറി കൃഷി എന്നിന നടത്തുന്നവരും ഉണ്ട്. കുലകൾ ശേഖരിച്ച് മറ്റു ജില്ലകളിലെ വിപണികളിലെത്തിക്കാൻ അധികൃതർ തയ്യാറാകണമെന്നതാണ് കർഷകരുടെ ആവശ്യം.

ഇക്കാര്യത്തിൽ മാനുഷിക പരിഗണന നൽകി ജില്ലാകലക്ടർ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ എൻ.ഡി.അപ്പച്ചൻ ആവശ്യപ്പെട്ടു. കർഷകരെ തിരികെ നാട്ടിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും, നശിച്ചുകൊണ്ടിരിക്കുന്ന വിളകൾ കർഷകരിൽ നിന്നും ചെറിയ വില നൽകി നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കുമെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.